ബംഗ്ലാദേശിലെ വിദ്യാർഥി പ്രതിഷേധത്തിൽനിന്ന്

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: മരണം 39 ആയി, സർക്കാർ സ്ഥാപനങ്ങൾക്ക് തീയിട്ട് പ്രതിഷേധക്കാർ

ധാക്ക: ബംഗ്ലാദേശിൽ സർക്കാർ ജോലികൾക്ക് പ്രഖ്യാപിച്ച ക്വോട്ട സംവിധാനത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. പ്രതിഷേധക്കാരും സുരക്ഷാസേനയും ഭരണകക്ഷി വിദ്യാർഥി സംഘടനകളും തമ്മിൽ ഏറ്റുമുട്ടിയതോടെ വ്യാഴാഴ്ച പ്രക്ഷോഭം രൂക്ഷമായി. ധാക്കയിൽ ഗതാഗതം സ്തംഭിപ്പിക്കാൻ വിദ്യാർഥികൾ നടു റോഡിലിറങ്ങി. കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു.

സർക്കാറിന്റെ ഔദ്യോഗിക ടി.വി ചാനൽ ഉൾപ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. രാജ്യത്ത് മിക്കയിടത്തും ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ട നിലയിലാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ നിരവധി ഓഫിസുകൾ തകർത്തു. രാജ്യത്തെ സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത പോരാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനമടക്കം വിവിധ വിഭാഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചതിനെതിരെയാണ് പ്രക്ഷോഭം. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് പുതിയ സംവരണ പ്രഖ്യാപനം കൂടുതൽ പേരുടെ അവസരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധം, തിങ്കളാഴ്ച ധാക്ക സർവകലാശാലയിലെ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായതോടെ വ്യാപിക്കുകയായിരുന്നു.

ഏറെനാൾ തുടർന്നിട്ടും സമരക്കാരുടെ പ്രതിനിധികളെ കാണാൻ പ്രധാനമന്ത്രി ശൈഖ് ഹസീന വിസമ്മതിച്ചത് പ്രകോപനപരമായി. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ ജോലികളിൽ നിയമനം ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. സമരക്കാരായ വിദ്യാർഥികളും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളായ വിദ്യാർഥികളും പരസ്പരം ഏറ്റുമുട്ടിയതാണ് മരണത്തിനിടയാക്കിയത്. പലയിടത്തും അർധ സൈനിക വിഭാഗത്തെയുൾപ്പെടെ വിന്യസിച്ചാണ് പ്രക്ഷോഭത്തെ അധികൃതർ നേരിടുന്നത്. 

News Summary - Bangladesh protests: 39 killed, protesters set state broadcaster's building ablaze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.