ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന് നൊബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് നേതൃത്വം നൽകണമെന്ന ആവശ്യവുമായി വിദ്യാർഥി നേതാക്കൾ. ‘മാർച്ച് ടു ധാക്ക’ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാന’ത്തിന്‍റെ നേതാക്കളാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ധാക്ക ട്രിബൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രധാന വിദ്യാർഥി നേതാക്കളായ നഹിദ് ഇസ് ലാം, അസിഫ് മുഹമ്മദ്, അബൂബക്കർ മസൂംദാർ എന്നിവർ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം മുന്നോട്ടുവച്ചത്. ബംഗ്ലാദേശിലെ നിലവിലെ വെല്ലുവിളി നേരിടാൻ മുഹമ്മദ് യൂനുസ് വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടക്കാല സർക്കാർ സംബന്ധിച്ച രൂപരേഖ ഉണ്ടാകുമെന്ന് നഹിദ് ഇസ് ലാം ഇന്നലെ വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നാണ് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിനോട് ഡോ. മുഹമ്മദ് യൂനുസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അവർ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഇന്ന് മോചനം ലഭിച്ചതായി ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും തോന്നുന്നുവെന്നും യൂനുസ് ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിൽ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകിയ സാമ്പത്തിക വിദഗ്ധനാണ് ഡോ. മുഹമ്മദ് യൂനുസ്.
ഭരണനിയന്ത്രണം ഏറ്റെടുക്കുകയാണെന്നും രാഷ്ട്രപതിയുമായി കൂടിയാലോചിച്ച് ഇടക്കാല സർക്കാർ രൂപവത്കരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത ബംഗ്ലാദേശ് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വോട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കലാപമായി മാറിയത്. സുപ്രീംകോടതി ഇടപെട്ട് സംവരണ ക്വോട്ട റദ്ദാക്കിയെങ്കിലും തുടർചർച്ചക്കുള്ള ശൈഖ് ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നിരാകരിക്കുകയും സർക്കാറിന്‍റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു.
പ്രധാനമന്ത്രിയുടെ രാജിയും സംവരണ പരിഷ്കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതിയും ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാന’ത്തിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തിയ ‘മാർച്ച് ടു ധാക്ക’യാണ് വൻ കലാപമായി മാറിയത്. മാർച്ചിനെ നേരിടാൻ സർക്കാർ വൻ സുരക്ഷാ സന്നാഹങ്ങളൊരുക്കുകയും മൊബൈൽ ഇന്റർനെറ്റ് അടക്കം വിച്ഛേദിക്കുകയും ചെയ്തിരുന്നു. അനിശ്ചിതകാല കർഫ്യൂവും പ്രഖ്യാപിച്ചു.
എന്നാൽ, പ്രതിഷേധം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ ശൈഖ് ഹസീനയോട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ സേനാ മേധാവി അന്ത്യശാസനം നൽകി. ഇതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ശൈഖ് ഹസീനയും സഹോദരി ശൈഖ് രഹിനയും വിമാനമാർഗം ഇന്ത്യയിലെത്തി. ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ശൈഖ് ഹസിനയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.