ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ചതിനു ശേഷം ശൈഖ് ഹസീന രാജ്യംവിട്ടതിനു പിന്നാലെ പിരിച്ചുവിട്ട മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടമായി ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുഹീബുൽ ഹസൻ ചൗധരി, സഹകരണ മന്ത്രിയായിരുന്ന മുഹമ്മദ് തൻസുൽ ഇസ്‍ലാം, ധനമന്ത്രിയായിരുന്ന അബ്ദുൽ ഹസൻ മഹ്മൂദ് അലി, സ്പോർട്സ് മന്ത്രി നസമുൽ ഹസൻ പാപോൻ, മേയർമാർ, സുപ്രീംകോടതി ജഡ്ജിമാർ എന്നിവരാണ് കൂട്ടമായി നാടുവിട്ടത്.
അതിനിടെ, രാജ്യം വിടാനൊരുങ്ങിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയായിരുന്ന ഹസൻ മഹ്മൂദിനെയും ഐ.ടി മന്ത്രി സുനൈദ് അഹ്മദ് പലകിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ധാക്ക വിമാനത്താവളത്തിൽ വെച്ച് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവെച്ചത്. പിന്നീട് സൈന്യത്തിന് കൈമാറുകയായിരുന്നു. ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇവർക്കൊപ്പം അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ 12ാം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഹസീനയുടെ മുഖ്യഎതിരാളിയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഉടൻ രൂപീകരിക്കുന്ന ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാൻ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതം അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് അയവ് വന്നിട്ടില്ല. അവാമി ലീഗ് നേതാവിന്റെ നക്ഷത്ര ഹോട്ടൽ കത്തിച്ച് ജനക്കൂട്ടം 24 പേരെ ചുട്ടെരിച്ച വാർത്ത പുറത്തുവന്നിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിന്റെ ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ വ്യാപക ആക്രമാണ് നടക്കുന്നത്. വാർത്തകളുണ്ട്. കോപാകുലരായ ജനക്കൂട്ടം ധാക്കയിലെ ബംഗബന്ധു അവന്യൂവിലുള്ള കേന്ദ്ര ഓഫിസ് ഉൾപ്പെടെ നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും വസതികളും വ്യാപാര സ്ഥാപനങ്ങളും തകർത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹസീനയുടെ പലായനവാർത്ത പരന്നതോടെ, ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വീണ്ടും വ്യാപക അക്രമങ്ങൾ അരങ്ങേറി. ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.