നോക്കി നിൽക്കാനാവില്ല; ഇടപെടുന്നു -ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിഛേദിച്ച് ബാഴ്സലോണ

മഡ്രിഡ്: ഫലസ്തീനികൾക്കെതിരായ വംശീയാതിക്രമങ്ങളിൽ പ്രതിഷേധിച്ച് സ്പാനിഷ് നഗരമായ ബാഴ്‌സലോണ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. ഇടതു സർക്കാർ ഭരിക്കുന്ന ബാഴ്‌സലോണ നഗരസഭാ മേയർ ഏദ കൊലാവു ഇക്കാര്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കത്തിലൂടെ അറിയിച്ചു. തെൽഅവീവുമായുള്ള 25 വർഷത്തെ ഇരട്ടക്കരാറിൽനിന്നടക്കം നഗരസഭ പിന്മാറിയിട്ടുണ്ട്.

ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾക്കെതിരായ വ്യവസ്ഥാപിത ലംഘനങ്ങൾ തുടരുന്ന കാലത്തോളം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് കത്തിൽ കൊലാവു അറിയിച്ചു. ഇസ്രായേൽ ഭരണകൂടവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. തെൽഅവീവ് നഗരസഭാ കൗൺസിലുമായുള്ള ഇരട്ടക്കരാർ അടക്കമുള്ളവയിൽനിന്നെല്ലാം പിന്മാറുകയാണെന്നും കത്തിൽ വ്യക്തമാക്കി. ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കു മുന്നിൽ നിശ്ശബ്ദരായിരിക്കാൻ സാധിക്കില്ല. ഫലസ്തീനികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കുന്നതു വരെ നടപടി തുടരുമെന്നും മേയർ അറിയിച്ചു.

ഇസ്രായേലുമായുള്ള ബന്ധം വിഛേദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒപ്പുശേഖരണത്തിൽ നൂറ് സംഘടനകളും 4000ത്തിലേറെ നാട്ടുകാരും പങ്കുചേർന്നിരുന്നു.

Tags:    
News Summary - Barcelona Cuts Ties With Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.