ഡോണൾഡ് ട്രംപ്, ജോ ബൈഡൻ

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിലെ പ്രകടനം മോശം, ബൈഡൻ പിന്മാറണമെന്ന് ആവശ്യം

ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനു പിന്നാലെ, ബൈഡൻ പിന്മാറണമെന്ന് ആവശ്യം. എന്നാൽ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ ജോ ബൈഡൻ തള്ളി. പ്രായാധിക്യമുൾപ്പെടെ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ നിലനിൽക്കില്ലെന്നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കുന്ന ബൈഡൻ പ്രതികരിച്ചത്.  

സാധാരണ ഗതിയിൽ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിനു ശേഷം, ആരാണ് മികവ് പുലർത്തിയതെന്ന ചർച്ച എപ്പോഴും ചർച്ചയാവാറുണ്ട്. എന്നാൽ ഇത്തവണ നടന്ന സംഭവങ്ങൾ പലതും അസാധാരണമായി. ജോ ബൈഡന്‍റെ പ്രകടനത്തെ ചൊല്ലി സ്വന്തം പാർട്ടിയായ ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ പൊട്ടിത്തെറിയുണ്ടായി. പലയിടത്തും ബൈഡന്‍റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നെന്നും ദയനീയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും വിമർശനമുയർന്നു. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ബൈഡന് കഴിഞ്ഞിരുന്നില്ല. പലയിടത്തും വാക്കുകൾ നഷ്ടപ്പെട്ടതും ബൈഡന്‍റെ പ്രായാധിക്യം കാരണമാണെന്ന് വിലയിരുത്തപ്പെട്ടു.

90 മിനിറ്റ് നീണ്ടുനിന്ന സംവാദം, നാലര കോടിയോളം പേർ ടെലിവിഷനിലൂടെ കണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മത്സര രംഗത്തുനിന്ന് ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റുകളിൽ ചിലർ രംഗത്തുവന്നു. അമേരിക്കൻ സമൂഹത്തിൽ നിർണായക സ്വാധീനമുള്ള പത്രമായ ന്യൂയോർക്ക് ടൈംസും ബൈഡൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ലേഖനം പ്രസിദ്ധീകരിച്ചു. ബൈഡന്‍റെ പ്രകടനം ദയനീയമായിരുന്നുവെന്ന് കാണിച്ച് എഡിറ്റോറിയലും നൽകി.

എന്നാൽ പിന്മാറണമെന്ന ആവശ്യം ബൈഡൻ തള്ളിക്കളഞ്ഞു. വിമർശനങ്ങൾ അപ്രസക്തമാണെന്നും തെരഞ്ഞെടുപ്പിൽ ജയിച്ച് താൻ വീണ്ടും പ്രസിഡന്‍റ് ആകുമെന്നും ബൈഡൻ അവകാശപ്പെട്ടു.

Tags:    
News Summary - Biden acknowledges age, bad debate performance but vows to beat Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.