വാഷിങ്ടൺ: യു.എസിലുള്ള ഫലസ്തീൻ പൗരൻമാർക്ക് താൽക്കാലിക സംരക്ഷണവുമായി പ്രസിഡന്റ് ജോ ബൈഡൻ. 18 മാസത്തേക്ക് ഫലസ്തീൻ പൗരൻമാരെ യു.എസിൽ നിന്നും നാടുകടത്തുന്നതിൽ നിന്നും തടയുന്ന ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു. ഗസ്സ മുനമ്പിലെ മാനുഷിക പ്രതിസന്ധി മുൻനിർത്തിയാണ് യു.എസ് തീരുമാനം. ഇതോടെ യു.എസിലെ 6,000ത്തോളം ഫലസ്തീനികളുടെ നിർബന്ധിത നാടുകടത്തൽ തൽക്കാലത്തേക്കെങ്കിലും തടയപ്പെടും.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഇസ്രായേൽ നൽകിയ തിരിച്ചടിയുടെ ഫലമായി ഗസ മുനമ്പിലെ സാഹചര്യം വളരെ മോശമാണെന്നും ഇത് പരിഗണിച്ചാണ് ഫലസ്തീനികളെ നാടുകടത്തലിൽ നിന്നും തൽക്കാലത്തേക്ക് സംരക്ഷിക്കുന്ന ഉത്തരവിറക്കിയതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റിന്റെ നീക്കം ഫലസ്തീനികൾക്ക് താൽക്കാലികമായെങ്കിലും സുരക്ഷിതമായൊരു ഇടമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിലേക്ക് ആരെങ്കിലും സ്വമേധയ മടങ്ങിയാൽ അവർക്ക് പിന്നീട് ഈ സൗകര്യം ലഭിക്കില്ലെന്നും സള്ളിവൻ വ്യക്തമാക്കി.
ഇസ്രായേൽ അധിനിവേശം നാല് മാസം പിന്നീടുമ്പോൾ ഗസ്സയിലെ ഫലസ്തീനികളെ സംരക്ഷിക്കാൻ യു.എസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് അവർക്കെതിരെ വിമർശനം ശക്തമായിരുന്നു. അറബ്-അമേരിക്കൻ, മുസ്‍ലിം നേതാക്കളിൽ നിന്നെല്ലാം യു.എസ് വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഗസ്സയിൽ വെടിനിർത്തലിന് യു.എസ് ആഹ്വാനം ചെയ്യുന്നില്ലെന്നതായിരുന്നു വിമർശനങ്ങളുടെ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.