അനധികൃത കുടിയേറ്റക്കാരായ പങ്കാളികളെ സംരക്ഷിക്കുന്ന നയം പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പൗരത്വമുള്ളവരുടെ കുടിയേറ്റക്കാരായ പങ്കാളികളെ സംരക്ഷിക്കുന്ന പുതിയ നയം പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന അഞ്ചുലക്ഷത്തോളം പേർക്കാണ് ഇത് ഗുണം ചെയ്യുക. മാതാവോ പിതാവോ അമേരിക്കൻ പൗരത്വമുള്ളയാളെ വിവാഹം ചെയ്ത 21 വയസ്സിൽ താഴെയുള്ള 50,000ത്തോളം കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ചുരുങ്ങിയത് 10 വർഷമെങ്കിലും രാജ്യത്ത് കഴിഞ്ഞവർക്ക് പദ്ധതി പ്രകാരം സംരക്ഷണം ലഭിക്കും. അമേരിക്കയിൽ നിയമാനുസൃതം ജോലിയെടുക്കാൻ ഇവർക്ക് സാധിക്കും.

അമേരിക്കൻ കുടിയേറ്റ സംവിധാനം കൂടുതൽ നീതിപൂർവകവും സുതാര്യവുമാക്കുമെന്ന് ഈ മാസമാദ്യം ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റം മുഖ്യ ചർച്ചാ വിഷയമായിരിക്കേയാണ് പ്രസിഡന്റിന്റെ നടപടി.

പുതിയ നയമനുസരിച്ച്, യോഗ്യരായ പങ്കാളികൾക്ക് മൂന്നുവർഷത്തിനുള്ളിൽ സ്ഥിരതാമസ വിസക്ക് അപേക്ഷിക്കാം. മൂന്നുവർഷത്തെ വർക്ക് പെർമിറ്റും ഇവർക്ക് ലഭിക്കും. അപേക്ഷിക്കാൻ യോഗ്യരായവർ അമേരിക്കയിലെത്തിയിട്ട് ശരാശരി 23 വർഷമെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് കരുതുന്നത്. ഇവരിൽ ഭൂരിഭാഗവും മെക്സിക്കോയിൽനിന്നുള്ളവരാണ്.

Tags:    
News Summary - Joe Biden Announces Policy to Protect Spouses of Illegal Immigrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.