സെലൻസ്കിയെ പ്രസിഡന്റ് പുടിനെന്ന് വിളിച്ച് ബൈഡൻ; വീണ്ടും നാക്കുപിഴ

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ വ്ലാദിമിർ പുടിനെന്ന് അബദ്ധത്തിൽ വിളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. നാറ്റോ ഉച്ചകോടിക്ക് പിന്നാലെ നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു ബൈഡന് നാക്കുപിഴച്ചത്. അബദ്ധം മനസിലാക്കിയ ബൈഡൻ പെട്ടെന്ന് തന്നെ തിരുത്തുകയും ചെയ്തു.

​'ഇപ്പോൾ ഞാനത് യുക്രെയ്ൻ പ്രസിഡന്റിന് കൈമാറാൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് പുടിന്റെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്.​'-എന്നാണ് വാഷിങ്ടണിൽ നടന്ന നാ​റ്റോ-യു​ക്രെയ്ൻ യോഗത്തിൽ ബൈഡൻ പറഞ്ഞത്. പെട്ടെന്ന് തന്നെ അബദ്ധം തിരിച്ചറിഞ്ഞ ബൈഡൻ പ്രസിഡന്റ് പുടിനെ പരാജയപ്പെടുത്താൻ പോവുകയാണ് യു​ക്രെയ്ൻ പ്രസിഡന്റ് എന്ന് തിരുത്തുകയും ചെയ്തു. സെലൻസ്കി പുടിനെ തോൽപിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈഡൻ പറയുന്നത് കേട്ട് തൊട്ടടുപ്പ് സെലൻസ്കി ചിരിയടക്കാനാകാതെ നിൽക്കുന്നുണ്ടായിരുന്നു. ഉച്ചകോടിയിൽ പ​ങ്കെടുത്ത മറ്റുനേതാക്കളും ബൈഡന്റെ സംസാരം കേട്ട് കണ്ണുമിഴിച്ചു. പെട്ടെന്ന് തന്നെ അവർ ബൈഡനെ ന്യായീകരിക്കുകയും ചെയ്തു.

നാക്കു പിഴ എല്ലാവർക്കും സംഭവിക്കും. എല്ലാവരെയും ശ്രദ്ധിച്ചുനോക്കിയാൽ അത് മനസിലാക്കാൻ സാധിക്കും.-എന്നാണ് ജർമൻ ചാൻസലർ ഒലഫ് ഷൂൾസ് അഭിപ്രായപ്പെട്ടത്. ബൈഡൻ നല്ല ഫോമിലാണ് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പറഞ്ഞത്.

തുടർച്ചയായി സംസാരത്തിനിടെ നാക്കുപിഴ സംഭവിക്കുന്ന 81കാരനായ ബൈഡന്റെ മാനസികാരോഗ്യത്തെ കുറിച്ച് നേരത്തേയും ആശങ്കകൾ ഉയർന്നിരുന്നു. രണ്ടാഴ്ച മുമ്പ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിൽ ബൈഡന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പരാജയസാധ്യത കണക്കിലെടുത്ത് ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻമാറണമെന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ പോലും അഭിപ്രായം. എന്നാൽ മത്സരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്.


Tags:    
News Summary - Biden Introduces Zelensky as president putin in another gaffe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.