വാഷിങ്ടൺ: അടുത്ത തിങ്കളാഴ്ചയോടെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന പ്രത്യാശയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഖത്തറിൽ ഇസ്രായേൽ, ഹമാസ് പ്രതിനിധികൾക്കിടയിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കവേയാണ് പ്രതികരണം. ‘‘എന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറയുന്നത്, വെടിനിർത്തലിന് ഏറെ അടുത്തെത്തിയിട്ടുണ്ട് കാര്യങ്ങൾ എന്നാണ്’’- ബൈഡൻ പറഞ്ഞു. എന്നാൽ, പാരിസിൽ നേരത്തെ പ്രാഥമിക രൂപം നൽകിയ കരാറിലെ വ്യവസ്ഥകൾ പഠിച്ചുവരുകയാണെന്ന് ഹമാസ് അറിയിച്ചു. അതേ സമയം, കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തർ അറിയിച്ചു.
40 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുപകരം 400 ഫലസ്തീനികളെ വിട്ടയക്കുകയെന്ന വ്യവസ്ഥയിൽ ആറാഴ്ചത്തേക്ക് താൽക്കാലികമായി വെടിനിർത്തുന്നതാണ് കരാർ. ഇരു വിഭാഗവും ഈ ഘട്ടത്തിൽ പൂർണമായി ആക്രമണം നിർത്തുകയും ഇസ്രായേൽ സേനയെ ഗസ്സയിൽനിന്ന് തിരിച്ചുവിളിക്കുകയും വേണം. 19 വയസ്സിന് താഴെയുള്ള കുട്ടികൾ, 50 വയസ്സിന് മുകളിലുള്ളവർ, സ്ത്രീകൾ, രോഗാവസ്ഥയിലുള്ളവർ എന്നിങ്ങനെയാകും ബന്ദികൾക്ക് മുൻഗണന. നവംബറിലെ വെടിനിർത്തലിലേതിന് സമാനമായി ദിവസത്തിൽ എട്ടുമണിക്കൂർ നേരം വ്യോമ നിരീക്ഷണം ഇസ്രായേൽ ഒഴിവാക്കും. ഗസ്സയിലെ ഹോസ്പിറ്റലുകൾ, ബേക്കറികൾ എന്നിവ അറ്റകുറ്റപ്പണികൾ നടത്തുന്നതിനൊപ്പം ഇതിനാവശ്യമായ അവശ്യ വസ്തുക്കളും ഇന്ധനവും അനുവദിക്കും. ഇസ്രായേൽ ബോംബിങ് ബാക്കിവെച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാവശ്യമായ വലിയ യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും എത്തിക്കും. ഇവ ഇസ്രായേലിന് ഭീഷണിയാകുംവിധം ഹമാസ് ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകും. പ്രതിദിനം 500 സഹായ ട്രക്കുകൾ വീതം ഗസ്സയിലേക്ക് കടത്തിവിടും. രണ്ട് ലക്ഷം തമ്പുകളും 60,000 കാരവനുകൾ അനുവദിക്കും. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികൾക്ക് തിരിച്ചുവരവും അനുവദിക്കും. ആദ്യ ഘട്ട വെടിനിർത്തലിലേക്കാണ് ഈ വ്യവസ്ഥകൾ. ശാശ്വത യുദ്ധവിരാമത്തിലെ വ്യവസ്ഥകൾ തുടർ ചർച്ചകളിലാകും തീരുമാനിക്കുക.
ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾ ഹമാസ്, ഇസ്രായേൽ പ്രതിനിധികളുമായി വെവ്വേറെയാണ് നടക്കുന്നത്. മാർച്ച് 10ഓടെ തുടക്കമാകുമെന്ന് കരുതുന്ന റമദാൻ വ്രതാരംഭത്തിനുമുമ്പേ കരാർ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.