വാഷിങ്ടൺ: ഇസ്രായേൽ ആക്രമണവുമായി ഇറാൻ മുന്നോട്ട് പോവരുതെന്ന മുന്നറിയിപ്പ് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ബൈഡൻ മുന്നറിയിപ്പ് ആവർത്തിച്ചത്. ഇറാന് നൽകാനുള്ള സന്ദേശമെന്താണെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അരുത് എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രായേലിനെ സംരക്ഷിക്കാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ പിന്തുണക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ അത് തന്നെ ചെയ്യും. ഇറാന് വിജയിക്കാനാവില്ലെന്നും ബൈഡൻ പറഞ്ഞു. ചില വിവരങ്ങൾ പുറത്ത് വിടാനാവില്ല. എങ്കിലും ആക്രമണം വൈകാതെയുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നേരത്തെ വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയും ഇറാന്റെ ഇസ്രായേൽ ആക്രമണം വൈകാതെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വൈറ്റ് ഹൗസ് വക്താവും തയാറായിരുന്നില്ല.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെ കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സീനിയർ കമാൻഡറും ആറ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയുണ്ടാവുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇസ്രായേലിനും ഇറാനുമിടയിലുള്ള പ്രശ്നം രൂക്ഷമാകുകയായിരുന്നു.
അതേസമയം, ഇന്ത്യ, ഫ്രാൻസ്, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ പൗരൻമാരോട് മേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ജർമ്മനി പൗരൻമാരോട് ഇറാൻ വിടാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.