വാഷിങ്ടൺ: അടുത്തടുത്ത ദിവസങ്ങളിൽ യു.എസ് ഭരണകൂടം നേരിട്ട് പങ്കാളിയായ രണ്ടു സംഭവങ്ങൾ ലോകം ഞെട്ടലോടെ വീക്ഷിച്ചവയാണ്. ഫലസ്തീന് യു.എൻ സ്ഥിരാംഗത്വം നൽകാനുള്ള പ്രമേയം രക്ഷാസമിതിയിൽ വോട്ടിങ്ങിനെത്തുന്നു. 15 അംഗ സമിതിയിൽ വീറ്റോ അധികാരമുള്ള അഞ്ചും താൽക്കാലികമായ 10ഉം അംഗങ്ങളിൽ യു.എസ് മാത്രം എതിർത്തും 12 പേർ അനുകൂലിച്ചും വോട്ടു​ചെയ്യുന്നു.

രണ്ടു രാജ്യങ്ങൾ വിട്ടുനിൽക്കുന്നു. 193 അംഗ യു.എന്നിൽ 140 രാജ്യങ്ങളെങ്കിലും ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞതായതിനാൽ രക്ഷാസമിതി കടന്നാൽ അംഗത്വം ഉറപ്പായിരുന്നു. ഒരേ മനസ്സോടെ, ഒ​റ്റക്കെട്ടായി ലോകം ഫലസ്തീനൊപ്പം നിന്നപ്പോൾ യു.എസ് ഒറ്റക്കുനിന്ന് ഇസ്രായേൽ ഇഷ്ടപ്പെടാത്തതൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

തൊട്ടുപിറ്റേന്ന് യു.എസ് പ്രതിനിധി സഭയിൽ ഇസ്രായേൽ, യുക്രെയ്ൻ, തായ്‍വാൻ രാജ്യങ്ങൾക്ക് ലക്ഷക്കണക്കിന് കോടികൾ വരുന്ന സൈനിക സഹായ പാക്കേജുകൾ ഒറ്റക്കൊറ്റക്ക് വോട്ടിങ്ങിനെത്തുന്നു. വോട്ടു രേഖപ്പെടുത്തുംമുമ്പ് ജോ ബൈഡനെന്ന മധ്യേഷ്യയിലെ ‘സമാധാന ദൂതന്റെ’ വാക്കുകൾ ഇങ്ങനെ: ‘അടിയന്തര ഘട്ടത്തിലാണ് ഇത് സഭയിലെത്തുന്നത്. ഇറാനിൽനിന്ന് ഇസ്രായേൽ സമാനതകളില്ലാത്ത ആക്രമണം നേരിടുന്നു.

യുക്രെയ്ൻ റഷ്യയുടെ നിരന്തര ബോംബിങ്ങിനും ഇരയാകുന്നു’. വോട്ടിങ് പൂർത്തിയാകുമ്പോൾ ഇസ്രായേൽ പാക്കേജ് 58നെതിരെ 366 പേരുടെ പിന്തുണയോടെ പാസായി. അൽപം എതിർപ്പ് നേരിട്ട യുക്രെയ്ൻ പാക്കേജ് 112നെതിരെ 311 വോട്ടോടെയും സഭ കടന്നു. ആദ്യത്തേതിൽ എതിരെ നിന്നത് ഡെമോക്രാറ്റുകളിൽനിന്ന് 37 പേരും റിപ്പബ്ലിക്കൻ കക്ഷിയുടെ 21 പേരുമായിരുന്നെങ്കിൽ യു​ക്രെയ്ന്റെത് 112ഉം റിപ്പബ്ലിക്കന്മാരായിരുന്നു. 34 ലക്ഷം കോടി ഡോളറിന്റെ ദേശീയകടവുമായി മല്ലിടുന്നതിനിടെയാണ് ഇസ്രായേലിന് രണ്ടുമാസം കഴിഞ്ഞ് പിന്നെയും യു.എസ് എണ്ണമറ്റ തുകയുടെ സൈനിക സഹായം ഒഴുക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഗസ്സയിൽ ഇസ്രായേൽ വംശഹത്യ 34,000 പിന്നിട്ട് തുടരുകയാണ്. ഏറ്റവുമൊടുവിൽ റഫയിൽ ഒറ്റനാളിൽ കൊന്നൊടുക്കിയ 22 പേരിൽ 18 കുരുന്നുകളും മൂന്ന് സ്ത്രീകളുമായിരുന്നു. 

Tags:    
News Summary - Biden Weighs More Than $1 Billion in New Arms for Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.