കമ്പാല: മൂന്നാഴ്ചത്തെ ജയിൽ വാസത്തിനു ശേഷം ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകൾ വസുന്ധരക്ക് ജാമ്യം. ഒരാഴ്ച മുമ്പ് ജയിൽ മോചിതയായെങ്കിലും വസുന്ധര ഇപ്പോഴും ഉഗാണ്ടയിൽ തന്നെയാണുള്ളത്. ഇപ്പോൾ ജയിലിൽ വസുന്ധരക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് കുടുംബം. അമ്മ രാധിക ഓസ്വാളും സഹോദരി റിദി ഓസ്വാളുമാണ് ദേശീയ മാധ്യമത്തോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിയുമ്പോഴും ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് വസുന്ധരക്ക് ബന്ധുക്കളുമായി സംസാരിക്കാൻ അനുവാദം ലഭിച്ചത്. അതും പത്ത് മിനിറ്റ് വീതം മാത്രം. പൂർണമായും അവളെ കുടുംബാംഗങ്ങളിൽനിന്ന് അകറ്റി നിർത്തി. തികച്ചും വൃത്തിഹീനമായ ജയിലറയിലായിരുന്നു വസുന്ധരയെ പാർപ്പിച്ചത്. ശുദ്ധമായ കുടിവെള്ളമോ സസ്യാഹാരമോ നൽകിയില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ജയിൽ മുറികൾ മാറ്റിയെന്നും കുടുംബം പറഞ്ഞു. ചെരിപ്പുകള്‍ നിറച്ചുവെച്ച മുറിയില്‍ 90 മണിക്കൂറിലധികം തങ്ങാന്‍ നിര്‍ബന്ധിച്ചെന്നും അഞ്ചുദിവസത്തോളം കുളിക്കാനോ വസ്ത്രം മാറാനോ അനുവദിച്ചില്ലെന്നും വസുന്ധരയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ അവകാശപ്പെട്ടു.
ഓസ്വാൾ കുടുംബത്തിനു കീഴിലെ ബിസിനസ് സംരംഭങ്ങളിലൊന്നിൽ ജീവനക്കാരനായ മുകേഷ് മെനാരിയയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒക്ടോബർ ഒന്നിനാണ് വസുന്ധരയെയും മറ്റു ചില ജീവനക്കാരെയും അറസ്റ്റ് ചെയ്തത്. ഉഗാണ്ടയിലുള്ള ഓസ്വാൾ കുടുംബത്തിന്റെ സ്പിരിറ്റ് ഫാക്ടറിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ മെനാരിയ ടാൻസാനിയയിൽ ജീവനോടെയുണ്ടെന്നും തങ്ങൾക്കനുകൂലമായി മൊഴി നൽകിയിട്ടുണ്ടെന്നും ഓസ്വാൾ കുടുംബം പറയുന്നു. വസുന്ധരയെ നിയമവിരുദ്ധമായാണ് തടങ്കലില്‍ പാർപ്പിച്ചതെന്നും കുടുംബം ആരോപിച്ചു.
ഓസ്ട്രേലിയയിലും സ്വിറ്റ്സർലൻഡിലുമായി തട്ടകമുറപ്പിച്ചിട്ടുള്ള പങ്കജ് ഓസ്വാൾ ലോകത്തെ ഏറ്റവും വലിയ അമോണിയ ഉത്പാദന കമ്പനികളിലൊന്നിന്റെ സ്ഥാപകനാണ്. വസുന്ധരയുടെ മോചനത്തിന് അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് പങ്കജ് ഓസ്‌വാള്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ ജീവനക്കാരന്‍ ഉന്നയിച്ച വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ പേരിലാണ് വസുന്ധരയെ തടങ്കലില്‍ പാര്‍പ്പിച്ചതെന്ന് ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസെവേനിക്ക് അയച്ച കത്തില്‍ പങ്കജ് ഓസ്‌വാള്‍ ആരോപിച്ചു.
ഓസ്‌വാള്‍ കുടുംബത്തിന്റെ സ്വകാര്യ ജെറ്റിൽ 2017 മുതൽ കാബിന്‍ ക്രൂവായിരുന്നു രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് മെനാരിയ. ഓസ്‌വാള്‍ കുടുംബത്തിന്റെ വിവിധ രാജ്യങ്ങളിലെ വീടുകളില്‍ ഇയാള്‍ വീട്ടുജോലിക്കാരനായി ജോലി നോക്കിയിട്ടുണ്ട്. മെനാരിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റമാണ് വസുന്ധരയ്‌ക്കെതിരെ ഉഗാണ്ടന്‍ സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, മെനാരിയ ടാന്‍സാനിയയിൽ ജീവനോടെയുണ്ടെന്ന് ഓസ്‌വാള്‍ കുടുംബം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.