ജകാർത്ത: യാത്രാമധ്യേ കടലിൽ തകർന്നുവീണ ശ്രീവിജയ എയർ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് ഇന്തോനേഷ്യൻ നാവികസേന കണ്ടെടുത്തു. അപകടം നടന്ന് നാലാമത്തെ ദിവസമാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ ഉൾപ്പെടുന്ന ബ്ലാക് ബോക്സിലെ വിവരങ്ങൾ പരിശോധിച്ച് അപകടത്തിന്‍റെ വിശദാംശങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷ. വിവരങ്ങൾ വിശദമായി പരിശോധിക്കാൻ അഞ്ചുദിവസം വരെയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബ്ലാക് ബോക്സിലെ വിവരങ്ങളിൽ നിന്ന് അപകടത്തിന്‍റെ കാരണം വ്യക്തമായാൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കാമെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി അധ്യക്ഷൻ സൊർജാന്‍റോ ജാജാനോ വ്യക്തമാക്കി. വിമാന എൻജിന്‍റെ ഫാൻ ബ്ലേഡുകൾക്ക് തകരാർ സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടസമയത്ത് എൻജിൻ പ്രവർത്തിച്ചിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി ഒമ്പതിനാണ് ശ്രീവിജയ എയറിെൻറ ബോയിങ് 737-500 (എസ്.ജെ182) ആഭ്യന്തര വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകർന്നുവീണതായി സ്ഥിരീകരിക്കുകയായിരുന്നു.
അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉൾപ്പെടെ 50 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിലെ സുകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വിമാനം ബോർണോ ദ്വീപിലെ പടിഞ്ഞാറൻ കലിമന്താൻ പ്രവിശ്യ തലസ്ഥാനമായ പോണ്ടിയാനയിലേക്ക് പറന്നത്.
കനത്ത മഴയുള്ളതിനാൽ അര മണിക്കൂർ വൈകി ടേക്ക് ഓഫ് ചെയ്ത വിമാനവുമായുള്ള ബന്ധം 2.40നാണ് നഷ്ടപ്പെട്ടത്. 3000 മീറ്റർ ഉയരത്തിൽനിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം നാലു മിനിറ്റോളം കുത്തനെ താഴേക്കു പറന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റകൾ നൽകിയ വിവരം. 27 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും മാലദ്വീപിന് സമീപം കടലിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.