ബ്രിട്ടണിൽ ഭരണപ്രതിസന്ധി തുടരുന്നു, മന്ത്രി മൈക്കൽ ഗോവിനെ പുറത്താക്കി

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൺ സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മൂന്നു മന്ത്രിമാർ രാജിവെച്ചതിന് പിന്നാലെ മുതിർന്ന കാബിനറ്റ് മന്ത്രി മൈക്കൽ ഗോവിനെ ബോറിസ് ജോൺസൺ പുറത്താക്കി. പ്രധാനമന്ത്രിയുടെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി ജെയിംസ് ഡഡ്‌ഡ്രിഡ്ജ് ഇക്കാര്യം സ്ഥിരീകരിച്ചു.

ശിശു-കുടുംബാരോഗ്യ മന്ത്രി വിൽ ക്വിൻസ്, ഗതാഗതമന്ത്രി ലൗറ ട്രോട്ട്, ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി റോബിൻ വാൾകർ എന്നിവരാണ് ബുധനാഴ്ച രാജിവെച്ചത്. സർക്കാറിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്നാണ് മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്, ആരോഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദ് എന്നിവർ ചൊവ്വാഴ്ച രാത്രി രാജിവെച്ചിരുന്നു. ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ മാപ്പു പറഞ്ഞതിനു പിന്നാലെയാണ് ഇരുവരും രാജിവെച്ചത്. ആരോപണവിധേയനായ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചർ ജൂൺ 30ന് രാജിവെച്ചിരുന്നു.

ലൈംഗികാരോപണങ്ങളും പാർട്ടി ഗേറ്റ് അടക്കം വിവാദങ്ങളും ഉലക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണിന് മന്ത്രിമാരുടെയും ഡെപ്യൂട്ടി ചീഫ് വിപ്പിന്റെയും രാജി കനത്ത തിരിച്ചടിയാണ്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, വിദേശ സെക്രട്ടറി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ബെൻ വാലിസ്, ബിസിനസ് സെക്രട്ടറി ക്വാസി ക്വർടെങ്, ജസ്റ്റിസ് സെക്രട്ടറിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡോമിനിക് റാബ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണ ഇപ്പോഴും ബോറിസിനുണ്ട്.

Tags:    
News Summary - Boris Johnson sacks senior cabinet ally Michael Gove

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.