ലണ്ടൻ: പള്ളിയിൽ വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തവെ ബ്രിട്ടീഷ് എം.പി കുത്തേറ്റു മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലെ സൗത്ത് എൻഡ് വെസ്റ്റിൽനിന്നുള്ള പാർലമെന്‍റ് അംഗമായ ഡേവിഡ് അമേസ് (69) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം. പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഇദ്ദേഹം.
സംഭവത്തിൽ 25കാരനെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പിന്നിൽ മറ്റാരുമില്ലെന്നും െപാലീസ് അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി ദൃക്സാക്ഷികൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായങ്ങൾ നൽകിയെങ്കിലും എല്ലാം വിഫലമായി.
ഡേവിഡിന്‍റെ മരണത്തിൽ പാർലമെന്‍റിലെ മറ്റു അംഗങ്ങൾ നടുക്കം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു.1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാർലമെന്‍റിലെത്തുന്നത്. 1997ൽ സൗത്ത് എൻഡ് വെസ്റ്റിലേക്ക് തട്ടകം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.