പാരീസ്: തീവ്ര വലതുപക്ഷം അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായത് 50ലധികം രാഷ്ട്രീയക്കാരും പ്രചാരകരും. കുറഞ്ഞ സമയത്തെ പ്രചാരണത്തിനിടെയാണ് ഇത്രയുംപേർ ശാരീരികമായിപ്പോലും ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ 30 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെയാണ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട കണക്ക് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പുറത്തുവിട്ടത്. ഏറ്റവുമൊടുവിൽ പാരീസിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മ്യൂഡണിൽ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിക്കുന്നതിനിടെ സർക്കാർ വക്താവ് പ്രിസ്ക തെവെനോട്ട്, അവരുടെ ഡെപ്യൂട്ടി വിർജീനി ലാൻലോ, പാർട്ടി പ്രവർത്തക എന്നിവർ ക്രൂരമായി ആക്രമിക്കപ്പെട്ടു.
സംഭവത്തിൽ മൂന്ന് കൗമാരക്കാരും 20 വയസ്സുള്ള ഒരാളും പൊലീസ് പിടിയിലായി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണങ്ങൾ അസഹനീയവും ഭീരുത്വവുമാണെന്ന് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ പറഞ്ഞു. തീവ്ര കക്ഷികളുടെ ആക്രമണങ്ങൾ തടയാൻ 30,000 പൊലീസുകാരെയാണ് അവസാന ഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി വിന്യസിച്ചത്. മരീൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷ പാർട്ടി നാഷനൽ റാലി യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കിയതോടെയാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കുടിയേറ്റ വിരുദ്ധ നിലപാടിനൊപ്പം ക്രമസമാധാന പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കിയ നാഷനൽ റാലി സ്ഥാനാർഥികളും ആക്രമണത്തിന് ഇരയായിട്ടുണ്ട്. തെക്ക്-കിഴക്ക് ഗ്രെനോബിളിന് സമീപമുള്ള ലാ റോച്ചെറ്റിലെ ഒരു മാർക്കറ്റിൽ പ്രചാരണം നടത്തുന്നതിനിടെ കൈയേറ്റം ചെയ്യപ്പെട്ടതായി നാഷനൽ റാലി സ്ഥാനാർഥി മേരി ഡൗച്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.