കൊളംബോ: സാധാരണക്കാരെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് വരെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ശ്രീലങ്കൻ തെരഞ്ഞെടുപ്പ് കമീഷൻ ചെയർമാൻ നിമൽ ജി പുഞ്ചിഹേവ. ഒരു തെരഞ്ഞെടുപ്പ് നടന്നാൽ അതിനെ പിന്തുണക്കാനുള്ള അന്തരീക്ഷമുണ്ടെങ്കിൽ മാത്രമേ അത് സ്വതന്ത്രവും നീതിയുക്തവുമാകൂ എന്ന് അദ്ദേഹം പറഞ്ഞു.
കമീഷന്റെ കൈവശം ഇപ്പോൾ അഞ്ച് ബില്യൺ രൂപ മാത്രമേയുള്ളൂവെങ്കിലും തുക രണ്ടോ മൂന്നോ മടങ്ങ് വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ പണമല്ല പ്രശ്നം. ഗ്യാസിനും മണ്ണെണ്ണക്കും വേണ്ടി ക്യൂ നിൽക്കുന്നവർക്ക് അവരുടെ മനസാക്ഷി അനുസരിച്ച് തീരുമാനമെടുക്കാനാകുമോ എന്ന ചോദ്യമാണ് വലുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചതിന് ശേഷം മാത്രമേ ശ്രീലങ്കക്ക് തെരഞ്ഞെടുപ്പിലേക്ക് പോകാൻ സാധിക്കുള്ളൂവെന്ന് പുഞ്ചിഹേവ പറഞ്ഞു.
ജനങ്ങൾ ഇപ്പോൾ വികാരഭരിതരാണ്. അത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. ഇത് രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ വിവിധ ഗുണ്ടാസംഘങ്ങൾ ഉയർന്നുവരാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ അത് 1982ലെ ജില്ല തെരഞ്ഞെടുപ്പിനും 1999ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിനും സമാനമായിരിക്കുമെന്നും അതിനാൽ ഇപ്പോൾ അതിന്‍റെ ആവശ്യമില്ലെന്നും പുഞ്ചിഹേവ പറഞ്ഞു.
1948ൽ രാജ്യം സ്വതന്ത്രമായതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്നത്. ഭക്ഷണം, മരുന്ന്, പാചക വാതകം, ഇന്ധനം, തുടങ്ങിയ അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമത്തിന് സാമ്പത്തിക പ്രതിസന്ധി കാരണമായി. ഇന്ധനവും പാചക വാതകവും വാങ്ങാൻ മാസങ്ങളോളമായി ശ്രീലങ്കയിലെ ജനങ്ങൾക്ക് സ്റ്റോറുകൾക്ക് മുമ്പിൽ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.