വോണിനെ അവസാനമായി ജീവനോടെ കണ്ടത് ഇവർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ മരിച്ച ദിവസം അദ്ദേഹത്തെ കാണാന്‍ നാല് യുവതികള്‍ താമസസ്ഥലത്ത് എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് മണിക്കൂറോളം മുമ്പാണ് ഉഴിച്ചിലിനായി യുവതികള്‍ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയത്. തായ്ലന്‍ഡ് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുവതികള്‍ വില്ലയിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. വോണിനെ ജീവനോടെ അവസാനമായി കണ്ടതും ഇവരാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

​വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തായ്‍ലന്‍ഡ് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വോണിന്റെ മരണം സ്വാഭാവികമായ കാരണങ്ങളാലാണെന്നാണ് പറഞ്ഞിരുന്നത്. നിലവിലെ സംഭവവികാസങ്ങളിൽ അസ്വാഭാവികത ഇല്ലെന്നും പൊലീസ് പറയുന്നു.

വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53നാണ് നാല് യുവതികള്‍ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇതില്‍ രണ്ടു യുവതികള്‍ വോണ്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികള്‍ 2.58നാണ് പുറത്തുപോയത്. ഇവര്‍ വില്ലയില്‍ നിന്ന് മടങ്ങിയ ശേഷം ഏതാണ്ട് രണ്ടേകാല്‍ മണിക്കൂറിനു ശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസമാണ് വോണിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ബാങ്കോക്കിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാത്രിയോടെയാണ് മൃതദേഹം മെൽബണിലെ വിമാനത്താവളത്തിലെത്തിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന്‍ വോണിനെ കണക്കാക്കുന്നത്. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്. 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റും സ്വന്തമാക്കി.


Tags:    
News Summary - CCTV Footage Shows 4 Masseuses Leaving Shane Warne’s Resort Room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.