ധാക്ക: ബംഗ്ലാദേശിലെ പ്രതിഷേധം പുതിയ വഴിത്തിരിവിലെത്തിച്ച് ൈശഖ് ഹസീനക്ക് പിറകെ ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ ഉൾപ്പെടെ എല്ലാ ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ. ചീഫ് ജസ്റ്റിസ് ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികളടങ്ങുന്ന പ്രതിഷേധക്കാർ ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞു.
സ്ഥിതിഗതികൾ വഷളായതിനെതുടർന്ന് ചീഫ് ജസ്റ്റിസ് കോടതി പരിസരത്തുനിന്ന് അപ്രത്യക്ഷനായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതുതായി രൂപവത്കരിച്ച ഇടക്കാല സർക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേർത്ത ഫുൾ കോടതി യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതിയിലെ ജഡ്ജിമാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാർത്ഥി പ്രതിഷേധക്കാർ ആരോപിച്ചു.
സംഘർഷം രൂക്ഷമായതോടെ നിശ്ചയിച്ചിരുന്ന ഫുൾകോർട്ട് യോഗം പെട്ടെന്ന് നിർത്തിവച്ചു. ചീഫ് ജസ്റ്റിസിന് സ്ഥാനമൊഴിയാൻ പ്രതിഷേധക്കാർ ഒരു മണിക്കൂർ സമയം നൽകി. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭം രാജ്യ വ്യാപകമായി വ്യാപിച്ചതിനെ തുടർന്ന് ശൈഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് ചുമതലയേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രതിഷേധം. രാജ്യത്ത് ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ 450 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.