ബെയ്ജിങ്: അന്താരാഷ്ട്ര വാർത്ത ചാനലായ ബി.ബി.സി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
യു.കെ നിയമം ലംഘിച്ചതിന് ചൈനീസ് ബ്രോഡ്കാസ്റ്ററായ സി.ജി.ടി.എൻ നെറ്റ്വർക്കിന്റെ ലൈസൻസ് ബ്രിട്ടൻ റെഗുലേറ്റർ അസാധുവാക്കിയതിന് പിന്നാലെയാണ് ചൈനയുടെ നടപടി.
യു.എസ് ചാരപ്രവർത്തനം ആരോപിച്ചതിന് പിന്നാലെ ചൈനീസ് ടെലികോം ഗ്രൂപ്പായ വാവെയ് യുടെ ഫൈവ് ജി നെറ്റ്വർക്ക് സ്ഥാപിക്കുന്നതിൽനിന്ന് ബ്രിട്ടൻ തടഞ്ഞിരുന്നു.
ചൈനയിലെ സംപ്രേക്ഷണ മാർഗനിർദേശങ്ങളിൽ ബി.ബി.സി ഗുരുതര ലംഘനം നടത്തിയതായി നാഷനൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വാർത്തകൾ സത്യസന്ധവും നീതിയുക്തവുമാകണമെന്നും ചൈനയുടെ ദേശീയ താൽപര്യങ്ങൾക്ക് ദോഷം വരുന്നതാകരുതെന്നും പറയുന്നു.
ചൈനയിൽ ബി.ബി.സിക്ക് പ്രക്ഷേപണം തുടരാൻ അനുവാദമില്ലെന്നും പ്രക്ഷേപണത്തിനുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി. ചൈനയുടെ നടപടി നിരാശാജനകം എന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം.
അതേസമയം, ബി.ബി.സിക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ യു.എസ് വക്താവ് രംഗത്തെത്തി. ജനങ്ങൾക്ക് മാധ്യമ, ഇന്‍റർനെറ്റ് സൗകര്യം പൂർമായും ലഭ്യമാക്കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.