ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ചൈന? വെളിപ്പെടുത്തലുമായി ചൈനീസ് ബ്ലോഗർ

ന്യൂയോർക്: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കുണ്ടെന്ന് ആരോപണം. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം കുഴപ്പത്തിലാക്കുന്നതിനായി ചൈന ഇത്തരമൊരു നീക്കം നടത്തിയതെന്ന് സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ ഴെങ് ആണ് വെളിപ്പെടുത്തിയത്. തായ്‌വാനുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഇഗ്നിഷൻ പ്ലാനിന്റെ ഭാഗമാണിതെന്നും അവർ ആരോപിച്ചു.

ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ജെന്നിഫർ ഴെങ് യു.എസിലാണിപ്പോൾ. സാമൂഹിക മാധ്യമം വഴിയാണ് നിജ്ജാറെ കൊന്നത് ചൈനയാണെന്ന് ജെന്നിഫർ വെളിപ്പെടുത്തിയത്. ''ഇന്ന് കനേഡിയൻ സിഖ് നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യമാണ് വെളിപ്പെടുത്തുന്നത്.''-എന്നായിരുന്നു ജെന്നിഫറുടെ പോസ്റ്റ്.​ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏജന്റുകളാണ് നിജ്ജാറെ കൊലപ്പെടുത്തിയതെന്നും അവർ അവകാശപ്പെട്ടു.

തന്നോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ കാനഡയിൽ താമസിക്കുന്ന ചൈനീസ് എഴുത്തുകാരനും യൂട്യൂബറുമായ ലാവോ ഡെങ് ആണെന്നും അവർ പറഞ്ഞു.

തങ്ങളുടെ ഓപറേഷന്റെ ഭാഗമായി ജൂൺ ആദ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നതറാങ്കിങ്ങിലുള്ള ഉദ്യോഗസ്ഥരെ യു.എസിലെ സിയാറ്റി​ലിലേക്ക് അയക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അവരവിടെ രഹസ്യയോഗം ചേർന്നു. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം ശിഥിലമാക്കുകയായിരുന്നു യോഗത്തിന്റെ അജണ്ട. യോഗത്തിനു ശേഷം നിജ്ജാറെ വധിക്കാൻ ഏജന്റുമാരെ ഏർപ്പെടുത്തി. ഏജൻസുകൾ നിഷ്‍കരുണം പദ്ധതി നടപ്പാക്കുകയും ചെയ്തു. -എന്നും ഴെങ് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്.

2023 ജൂൺ 18നാണ് ഇന്ത്യ തീ​വ്രവാദിയായി മുദ്രകുത്തിയ നിജ്ജാർ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരക്ക് സമീപം വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിനു ശേഷം തെളിവുകൾ ഇല്ലാതിരിക്കാൻ നിജ്ജാറിന്റെ കാറിലെ ഡാഷ് കാമറ നശിപ്പിച്ചു. കുറ്റകൃത്യം നടത്തിയ ശേഷം ഏജന്റുകൾ മുങ്ങി.

ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും അവർ ഇല്ലാതാക്കി. തൊട്ടടുത്ത ദിവസം തന്നെ അവർ കാനഡയിൽ നിന്ന് വിമാനം വഴി രക്ഷപ്പെട്ടു. ഇന്ത്യക്കാരാണെന്ന് തോന്നിപ്പിക്കാനായി കൊലപാതകികൾ ഇന്ത്യൻ ആക്സന്റ് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നതെന്നും ബ്ലോഗർ പറഞ്ഞു. ജെന്നിഫറിന്റെ അവകാശവാദത്തോട് ചൈന പ്രതികരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ഇത് ഇന്ത്യ തള്ളുകയായിരുന്നു. നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

Tags:    
News Summary - China behind Hardeep Nijjar Killing? blogger alleges big conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.