വാഷിങ്ടൺ: റഷ്യയുടെ പ്രതിരോധ വികസനത്തിന് സഹായം നൽകുന്നത് ചൈനയാണെന്ന് റിപ്പോർട്ട്. സി.എൻ.എൻ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. സോവിയറ്റ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ വികസനത്തിനാണ് റഷ്യ ഒരുങ്ങുന്നത്. മുതിർന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് സി.എൻ.എൻ റിപ്പോർട്ട്.
ചൈനയും റഷ്യയും ഒരുമിച്ച് ചേർന്ന് റഷ്യയിൽ ഡ്രോണുകളുടെ നിർമാണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് വലിയ സഹായമാകുന്നത് ചൈനയുടെ ഈ പിന്തുണയാണ്. ചൈനയുടെ സഹായത്തോടെയാണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിനിടെ സൈന്യത്തിന്റെ പുനർ വിന്യാസം നടത്തിയത്. റഷ്യയുടെ ആയുധങ്ങളുടെ നിർമാണത്തിൽ ചൈനയുടെ ഉൽപന്നങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യയിലേക്കുള്ള 90 ശതമാനം മൈക്രോ ഇലക്ട്രോണിക്സിന്റെ ഇറക്കുമതിയും വരുന്നത് ചൈനയിൽ നിന്നാണ്. മിസൈലുകൾ, ടാങ്കുകൾ, എയർക്രാഫ്റ്റ് എന്നിവയുടെ നിർമാണത്തിന് ചൈനയിൽ നിന്നുള്ള ഈ ഉൽപന്നങ്ങൾ റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാൻ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യയിലടക്കം ചൈന റഷ്യയെ സഹായിക്കുന്നുണ്ട്.
റഷ്യക്ക് ചൈന നൽകുന്ന പിന്തുണ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായുള്ള ചർച്ചയിൽ ഉന്നയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. യു.എസ് സ്റ്ററ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ യുറോപ്യൻ സന്ദർശനത്തിനിടെ നടത്തിയ ചർച്ചകളിലും റഷ്യക്ക് ചൈന നൽകുന്ന സഹായം വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.