ബീജിങ്: യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെ അധിനിവേശമെന്ന് വിശേഷിപ്പിക്കരുതെന്നും അത് മുൻവിധിയാണെന്നും ചൈന. റഷ്യയും യുക്രെയ്നും ആത്മസംയമനം പാലിക്കണമെണന്നും ചൈന ആവശ്യപ്പെട്ടു.
പുതിയ സ്ഥിതിഗതികൾ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. 'എല്ലാവരോടും ആക്രമണത്തിൽനിന്ന് മാറിനിൽക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. കാര്യങ്ങൾ പിടിവിട്ടുപോകുന്ന തരത്തിലേക്കു നീങ്ങുന്നത് തടയണം' -അവർ പറഞ്ഞു.
വളരെ സങ്കീർണമായ ചരിത്രപശ്ചാത്തലമുള്ളതാണ് യുക്രെയ്ൻ വിഷയം. നിരവധി ഘടകങ്ങളുടെ ഫലമായാണ് ഈ സാഹചര്യമുണ്ടായത്. എന്നാൽ, റഷ്യയുടെ നടപടിയെ അധിനവേശമെന്ന് വിശേഷിപ്പിക്കുന്നത് മുൻവിധിയുടെ ഭാഗമാണ് -ഹുവാ പറഞ്ഞു.
അതിനിടെ, ഇന്ന് പുലർച്ചെ മുതൽ തുടങ്ങിയ റഷ്യൻ ആക്രമണത്തിലും യുക്രെയ്ന്റെ പ്രതിരോധത്തിലും നൂറോളം പേർ കൊല്ലപ്പെട്ടു. യുക്രെയ്നിലെ 40 പട്ടാളക്കാർക്കും 10 പൗരൻമാർക്കും ജീവൻ നഷ്ടമായപ്പോൾ 50 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടതായാണ് പുറത്തുവരവിവരങ്ങൾ.
വിഷയത്തിൽ റഷ്യയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. മേഖലയിൽ സംഘർഷം കത്തിക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇടപെടൽ സഹായിക്കുകയെന്നും ചൈന ആരോപിച്ചു.
യുക്രെയ്‌നിലുള്ള തങ്ങളുടെ പൗരന്മാരോട് വീട്ടിൽ തന്നെ തുടരാനും മുൻകരുതൽ എടുക്കാനും ചൈന ആവശ്യപ്പെട്ടു. എന്തെങ്കിലും അത്യാവശ്യകാര്യങ്ങൾക്ക് ചൈനീസ് പതാക പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.