‘കാണാതായ’ പ്രതിരോധമന്ത്രിയെ കാബിനറ്റിൽനിന്ന്​ പുറത്താക്കി ചൈന; മന്ത്രി അപ്രത്യക്ഷനായിട്ട്​ മാസങ്ങൾ

പൊതുജീവിതത്തിൽ നിന്ന്​ പൊടുന്നനെ അപ്രത്യക്ഷനായ പ്രതിരോധ മന്ത്രിയെ പുറത്താക്കി ചൈന. ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫു പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴാണ്​ പുതിയ നടപടി. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി അദ്ദേഹത്തെ ക്യാബിനറ്റില്‍ നിന്ന്​ ഒഴിവാക്കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ വർഷം ആഗസ്റ്റ് 29നാണ് ചൈനീസ് പ്രതിരോധമന്ത്രി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ആഫ്രിക്കൻ രാജ്യങ്ങളുടെ പരിപാടിയിൽ പ​ങ്കെടുക്കാനായിരുന്നു അദ്ദേഹം പൊതുവേദിയിലെത്തിയത്. ബെയ്ജിംഗില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്‍ഡ് സെക്യൂരിറ്റി ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ശേഷം ചൈനീസ് പ്രതിരോധ മന്ത്രിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. മാര്‍ച്ചില്‍ നടന്ന ക്യാബിനറ്റ് പുനഃസംഘടനയെത്തുടര്‍ന്നാണ് ലീ ചൈനയുടെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. അതേസമയം പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് പുതിയ പേരുകളൊന്നും ഇതുവരെ നിര്‍ദ്ദേശിച്ചിട്ടില്ല.

മുന്‍ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെയും ക്യാബിനറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വാംഗ് സിയാംഗ്, ധനകാര്യമന്ത്രി ലി കുന്‍ എന്നിവരെയും ക്യാബിനറ്റില്‍ നിന്ന് ഒഴിവാക്കി. നിലവിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് പാര്‍ട്ടി സെക്രട്ടറി യെന്‍ ഹെജുനെ ആണ് വകുപ്പിന്റെ മന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്. ധനകാര്യമന്ത്രിയായി ധനകാര്യവകുപ്പ് സെക്രട്ടറി ലാന്‍ ഫോവാനെയും നിയമിച്ചിട്ടുണ്ട്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമൊടുവിലാണ് ചൈനീസ് മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വന്നത്.

നേരത്തെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്‌സിന്റെ ചുമതലയുള്ള കമാന്‍ഡര്‍മാരായ ലി യുച്ചാവോ, ഷു സോങ്ബോ എന്നിവരെയും നീക്കം ചെയ്തിരുന്നു. ഇവ രാജ്യത്തിന്റെ ആണവ, ബാലിസ്റ്റിക് മിസൈലുകളുടെ ആയുധശേഖരത്തിന് മേല്‍നോട്ടം വഹിക്കുന്ന സൈനിക ശാഖയാണ്.

അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ഹാര്‍ഡ്വെയര്‍ സംഭരണവുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ അന്വേഷണത്തിനിടെയാണ് ഷാങ്ഫുവിന്റെ തിരോധാനം. ജൂലൈയിലാണ് അന്വേഷണം ആരംഭിച്ചത്. പിഎല്‍എയുടെ എക്യുപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ചുള്ള അന്വേഷണത്തില്‍, എട്ട് പ്രശ്‌നങ്ങള്‍ എടുത്തുകാണിക്കുകയും പദ്ധതികള്‍, സൈനിക യൂനിറ്റുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതും ചില കമ്പനികള്‍ക്ക് ബിഡ്ഡുകള്‍ ഉറപ്പാക്കാന്‍ സഹായം ലഭിച്ച കേസിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

2017 ഒക്ടോബര്‍ മുതലുള്ള ഈ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയാണെന്ന് ചൈനീസ് സൈന്യം പറയുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ 2022 വരെ ഉപകരണ വിഭാഗത്തിന്റെ തലവനായിരുന്നു ലി. എന്നാൽ, അദ്ദേഹം തെറ്റ് ചെയ്തതായി സംശയിക്കുന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ചൈനീസ് പ്രതിരോധമന്ത്രി വീട്ടുതടങ്കലിലാണെന്ന് സംശയവുമായി യു.എസ് എത്തിയിരുന്നു. ജപ്പാനിലെ യു.എസ് അംബാസിഡറാണ് ഇത്തരമൊരു സംശയം ട്വിറ്ററിലൂടെ ഉന്നയിച്ചത്. ലി ഷാങ്ഫുവിനെ പൊതുവേദിയിൽ കാണാനില്ലെന്നും അംബാസിഡർ അന്ന്​ ട്വിറ്ററിൽ കുറച്ചു. ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രാലയം തയാറായിട്ടില്ല.

Tags:    
News Summary - China removes defence minister Li Shangfu, ousts ex-foreign minister from cabinet in another big leadership shakeup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.