ബെയ്ജിങ്: പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനിൽ കണ്ടെത്തിയത്.
പക്ഷിപ്പനി പടർത്തുന്ന ഏവിയൻ ഇൻഫ്ലുവൻസ് വൈറസിന്‍റെ നിരവധി വകഭേദങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ H5N8 ഉൾപ്പെടെയുള്ള വകഭേദങ്ങൾ മനുഷ്യനിൽ പടരുന്ന കേസുകൾ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. H10N3 വകഭേദം ഇതാദ്യമായാണ് മനുഷ്യനിൽ സ്ഥിരീകരിക്കുന്നത്.
സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളിൽ നിന്നാണ് രോഗം പകരുന്നതെന്നും പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.
പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് H10N3. പക്ഷിപ്പനിയിൽ H5N8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്. വടക്കു-കിഴക്കൻ ചൈനയിലെ ഷെന്യാങ് നഗരത്തിൽ കഴിഞ്ഞ ഏപ്രിലിൽ പക്ഷിപ്പനിയുടെ H5N8 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ആലപ്പുഴയിലും കുട്ടനാട്ടിലും ആയിരക്കണക്കിന് താറാവുകളുടെയും കോഴികളുടെയും നാശത്തിന് വഴിയൊരുക്കിയത് H5N8 ഏവിയൻ ഇൻഫ്ലുവൻസ വൈറസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.