ബീജിങ്: അഫ്ഗാന്റെ നിയന്ത്രണം പൂർണമായും കൈവശപ്പെടുത്തിയ താലിബാനുമായി സൗഹൃദ ബന്ധത്തിന് തയാറെന്ന് അയൽരാജ്യമായ ചൈന. കാബൂളിന്‍റെയടക്കമുള്ള നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷമാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.
അഫ്ഗാൻ ജനതയുടെ സ്വയം നിർണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാർദപൂർണമായ ബന്ധം സ്ഥാപിക്കാൻ തയാറാണെന്നുമാണ് ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുൻയിങ് അറിയിച്ചത്.
താലിബാന്‍ കാബൂളിലെത്തുന്നതിന് മുമ്പ് തന്നെ ചൈനയുമായി ചർച്ചകൾ നടത്തിയതിന്‍റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും അന്താരാഷ്ട്ര തലത്തിൽ താലിബാന് ലഭിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അതേസമയം, കടുത്ത ഭീകര പ്രതിഛായയുള്ള താലിബാൻ ഒൗദ്യോഗികമായി അധികാരമേറുന്നതിന് മുമ്പ് തന്നെ ചൈന പിന്തുണ വാഗ്ദാനം ചെയ്തത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അഫ്ഗാനുമായി 76 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന.
അമേരിക്കൻ സൈന്യം പിൻമാറ്റം പ്രഖ്യാപിച്ച ശേഷമാണ് അഫ്ഗാൻ ഭൂപ്രദേശങ്ങൾ ഒന്നൊന്നായി താലിബാൻ കീഴടക്കിയത്. കാബൂൾ താലിബാൻ കീഴടക്കാൻ രണ്ട് മുതൽ മൂന്ന് മാസം വരെ സമയമെടുക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. അമേരിക്കയുടെ അറിയിപ്പ് വിശ്വസിച്ച ലോകരാജ്യങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കി വളരെ പെട്ടൊന്നായിരുന്നു താലിബാന്‍റെ മുന്നേറ്റം. കാബൂൾ വിമാനത്താവളത്തിൽ ഇപ്പോഴുള്ള തിക്കും തിരക്കും അമേരിക്കൻ അറിയിപ്പ് വിശ്വസിച്ചതിന്‍റെ കൂടി ഫലമാണ്. എന്നാൽ, ചൈന പൗരൻമാരെ മാസങ്ങൾക്ക് മുമ്പ് തന്നെ അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ച് തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.