കാബൂൾ: താലിബാൻ രാഷ്ട്രീയനേതാവ് അബ്ദുൽ സലാം ഹനഫിയും ചൈനീസ് അംബാസിഡർ വാങ് യുവും തമ്മിൽ കാബൂളിൽ ചർച്ച നടത്തി. അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം താലിബാനുമായി ഇതാദ്യമായാണ് ചൈന ചർച്ച നടത്തുന്നത്. ചൈനീസ് വക്താവ് വാങ് വെൻബിനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ചർച്ച സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
സ്വന്തം ഭാവി തെരഞ്ഞെടുക്കാനുള്ള അഫ്ഗാനിസ്താന്റെ സ്വതന്ത്ര്യമായ തീരുമാനത്തെ അംഗീകരിക്കുന്നു. അഫ്ഗാനുമായി ഇനിയും സൗഹാർദപരമായ ബന്ധം സൂക്ഷിക്കാൻ തയാറാണ്. അഫ്ഗാന്റെ പുനർനിർമ്മാണത്തിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചൈന വ്യക്തമാക്കി.
ചൈനക്കൊപ്പം പാകിസ്താൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് നിലവിൽ അഫ്ഗാനിസ്താനിൽ എംബസിയുടെ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചത്. ഇന്ത്യയും യു.എസും എംബസികളുടെ പ്രവർത്തനം താൽക്കാലികമായി ഒഴിവാക്കിയിരുന്നു. ആഗസ്റ്റ് 15ന് താലിബാൻ അധികാരം പിടിച്ചതിനെ തുടർന്നായിരുന്നു രാജ്യങ്ങളുടെ അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റം. അതേസമയം, താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് രംഗത്തെത്തി. താലിബാന്റെ ഭാഗത്ത് നിന്നും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് സൈന്യം പ്രയോഗിക്കുന്ന അതേരീതികൾ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.