റോം: ചൈനയായിരിക്കും തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളിയെന്നും അഫ്ഗാനിസ്താൻ പുനർനിർമാണത്തിനായി അവർ സഹായിക്കുമെന്നും താലിബാൻ വക്താവ് പറഞ്ഞു. 'ചൈന ഞങ്ങളുടെ പ്രധാന പങ്കാളിയാകും, കൂടാതെ രാജ്യത്ത് നിക്ഷേപം നടത്താനും പുനർനിർമാണ ശ്രമങ്ങളെ പിന്തുണക്കാനും തയാറായിട്ടുണ്ട്' -ഇറ്റാലിയൻ പത്രമായ ലാ റിപബ്ലിക്കക്ക് ബുധനാഴ്ച അനുവദിച്ച അഭിമുഖത്തിൽ സബീഹുല്ല മുജാഹിദ് പറഞ്ഞു.
പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കുമെന്നും ചൈനയുടെ എംബസി അഫ്ഗാനിൽ തുടരുമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.
അഫ്ഗാനിസ്താനിൽ സുലഭമായ ചെമ്പ് വിഭവങ്ങൾ പൂർണമായി വിനിയോഗിക്കാനും രാജ്യത്തിന് ആഗോള വിപണിയിലേക്ക് വഴിതുറക്കാനും ചൈന സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് റഷ്യയുമായും മികച്ച പങ്കാളിത്തം ഉറപ്പുവരുത്താൻ താലിബാൻ ശ്രമിക്കുന്നുണ്ട്.
കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ പൂർണമായും താലിബാന്‍റെ നിയന്ത്രണത്തിന് കീഴിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ വിമാനത്താവളത്തിന് പറ്റിയ കേടുപാടുകൾ തീർത്ത് രണ്ട്-മൂന്ന് ദിവസത്തിനകം പ്രവർത്തന സജ്ജമാക്കാനാണ് ശ്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ താലിബാന് വരുതിയിലാക്കാൻ കഴിയാത്ത പഞ്ച്ശിർ പ്രവിശ്യയിൽ ശക്തമായ പോരാട്ടം തുടരുകയാണ്. അഫ്ഗാനിൽ നിന്ന് യു.എസ് സേന പിന്മാറിയതിന് പിന്നാലെയാണ് താലിബാൻ പഞ്ച്ശിർ ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി താലിബാൻ സേനാംഗങ്ങളെ വധിച്ചതായി വടക്കൻ സഖ്യം അറിയിച്ചു. പാഞ്ച്ശീർ മലനിരകൾ പിടിച്ചെടുക്കാനുള്ള താലിബാെൻറ നീക്കത്തെ നാഷനൽ റെസിസ്റ്റൻറ് ഫ്രണ്ട് (എൻ.ആർ.എഫ്) ശക്തമായി ചെറുക്കുകയായിരുന്നു. എൻ.ആർ.എഫ് സേനാംഗങ്ങൾക്കും പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.