ബെയ്ജിങ്: ചൈനയിലെ ഷി ജിൻപിങ് ഭരണകൂടം വംശഹത്യക്കിരയാക്കുന്നുവെന്ന് യു.എൻ കണ്ടെത്തിയ ഉയ്ഗൂർ മുസ്ലിംകളെ തുടച്ചുനീക്കാൻ നടപ്പാക്കിവരുന്നത് വിവിധ പദ്ധതികൾ. സിൻജിയാങ് പ്രവിശ്യയിൽനിന്ന് ഏറെ ദൂരെയുള്ള നാടുകളിൽ വിവിധ കമ്പനികളിൽ നിർബന്ധിത തൊഴിലിനായി അയക്കുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്്. ക്രൂര പീഡനങ്ങളുമായി ഉയ്ഗൂറുകളെ മനംമാറ്റാൻ സ്ഥാപിച്ച പുനർവിദ്യാഭ്യാസ കേന്ദ്രങ്ങൾ ലോകം മുഴുക്കെ വിമർശനത്തിനിരയായതിനു പിന്നാലെയാണ് പുതിയ കണ്ടെത്തൽ.
്പ്രദേശത്തെ ഏറെയായി വേട്ടയാടുന്ന പട്ടിണി മാറ്റാനെന്ന പേരിൽ തൊഴിൽ മേളകൾ നടത്തിയാണ് പരമാവധി ആളുകളെ 'നാടുകടത്തുന്നത്'. ചൈനയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 82 മുൻനിര കമ്പനികളുടെ ഫാക്ടറികളിലേക്ക് ഉയ്ഗൂറുകളെ കൂട്ടമായി എത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 2017നും 2019നുമിടയിൽ മാത്രം ഇങ്ങനെ 80,000 ഉയ്ഗൂറുകളെ കൊണ്ടുപോയിട്ടുണ്ട്. ജോലിക്കു പുറമെ ഇടുങ്ങിയ താമസ സ്ഥലങ്ങളോടു ചേർന്ന് ചൈനീസ് ഭാഷ പഠിപ്പിച്ചും ആദർശ ക്ലാസുകൾ എടുത്തും അനുബന്ധ 'പരിശീലന'വും തകൃതിയാണ്. ഇവർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാനാവാത്തതിനാൽ തിരികെ നാട്ടിലെത്തലും പ്രയാസം.
സർക്കാർ നേരിട്ട് നടപ്പാക്കിയ തൊഴിലാളി കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് എല്ലാ കമ്പനികളും ഉയ്ഗൂറുകളെ സ്വീകരിക്കുന്നത്. ഒരു തൊഴിലാളിക്ക് നിശ്ചിത തുകയെന്ന കണക്കിൽ സർക്കാർ അധിക ആനുകൂല്യവും പ്രാദേശിക ഭരണകൂടങ്ങൾക്ക് അനുവദിക്കും.
2017മുതൽ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പുനർവിദ്യാഭ്യാസ ക്യാമ്പുകെളന്ന പേരിൽ സിൻജിയാങ്ങിന്‍റെ പല ഭാഗങ്ങളിൽ തുടങ്ങിയ തടവറകളിലാക്കിയിരുന്നു. ഇതിനു പുറമെയാണ് ഗ്രാമങ്ങളിൽ നേരിട്ടെത്തി ഉയ്ഗൂറുകളെ തൊഴിലിന്‍റെ പേരിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെക്ക് നിർബന്ധിതമായി അയക്കുന്നത്. ഒമ്പത് ചൈനീസ് പ്രവിശ്യകളിലെ 27 ഫാക്ടറികളിൽ ഉയ്ഗൂറുകെള നിർബന്ധിത തൊഴിലാളികളായി നിലനിർത്തുന്നതായി ആസ്ട്രേലിയൻ സ്ട്രറ്റീജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.