ബെയ്ജിങ്: അറുപതു വർഷത്തിനിടെ ആദ്യമായി ചൈനയിലെ ജനസംഖ്യയിൽ ഇടിവ്. 2021ലെ ജനസംഖ്യയിൽനിന്ന് 8.50 ലക്ഷം കുറഞ്ഞ് 2022ൽ 141.18 കോടിയായതായി ചൈനയിലെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 1961ലാണ് മുമ്പ് ഇടിവ് രേഖപ്പെടുത്തിയത്. ഹോങ്കോങ്ങും മക്കാവോയും വിദേശ താമസക്കാരും ഒഴികെയുള്ള കണക്കാണിത്. 2021 1.062 കോടി ജനനങ്ങൾ നടന്നസ്ഥാനത്ത് കഴിഞ്ഞവർഷം 95.6 ലക്ഷമായി കുറഞ്ഞു.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളുടെയും റിയൽ എസ്റ്റേറ്റ് മാന്ദ്യത്തിന്റെയും സമ്മർദത്തിൽ ചൈനയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞവർഷം നാലു പതിറ്റാണ്ടിനിടയിലെ കുറഞ്ഞ നിലയിലേക്ക് താഴ്ന്നുവെന്ന് കാണിക്കുന്ന കണക്കുകളും ചൊവ്വാഴ്ച പുറത്തുവിട്ടു. 2022ൽ ലോകത്തെ രണ്ടാമത് സമ്പദ്വ്യവസ്ഥ മൂന്നു ശതമാനം വളർച്ചയാണ് കൈവരിച്ചത്.
അതായത് മുൻ വർഷത്തെ 8.1 ശതമാനത്തിന്റെ പകുതിയിൽ താഴെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭാവി പ്രതിസന്ധി മുന്നിൽകണ്ട് മൂന്നു കുട്ടികൾവരെ ആകാം എന്ന നിലയിൽ 2021ൽ ചൈനീസ് സർക്കാർ ജനന നിയന്ത്രണ ചട്ടം ഇളവ് ചെയ്തിരുന്നു. ജനസംഖ്യ പെരുപ്പം നിയന്ത്രിക്കാൻ 1979ന്റെ തുടക്കത്തിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടിമാത്രം’ നയം ഔദ്യോഗികമായി 2016ലാണ് അവസാനിച്ചത്. ഇതിനുശേഷം 2021വരെ ഇരട്ട കുട്ടി നയം ഏർപ്പെടുത്തി. എന്നിട്ടും കാര്യമായ വിജയമുണ്ടായില്ല. നഗരങ്ങളിൽ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ചൈനയാണ് ഏറെക്കാലമായി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. എന്നാൽ, ഇന്ത്യ താമസിയാതെ ചൈനയെ മറികടക്കുമെന്നാണ് പ്രതീക്ഷ. 140 കോടിയിലധികം വരുന്ന ഇന്ത്യയുടെ ജനസംഖ്യ വളർച്ച തുടരുകയാണ്. നവംബർ 15ന് ലോകജനസംഖ്യ 800 കോടിയിലെത്തിയെന്നും 2023ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യു.എൻ കഴിഞ്ഞ വർഷം കണക്കാക്കിയിരുന്നു. ലോക ജനസംഖ്യാ ദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി ആഗോള ജനസംഖ്യാ വളർച്ച 2020ൽ ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞെന്നും യു.എൻ വ്യക്തമാക്കുന്നു.
ചൈന വൻക്ഷാമം നേരിട്ട 1960ന് ശേഷം ആദ്യമായാണ് ജനസംഖ്യയിൽ ഇടിവു രേഖപ്പെടുത്തുന്നത്. കാർഷിക രാജ്യമായിരുന്ന ചൈനയെ വ്യവസായവത്കരിക്കുകയെന്ന ലക്ഷ്യവുമായി 1950കളുടെ അവസാനം നടന്ന ‘മഹത്തായ കുതിപ്പ്’ (ദ് ഗ്രേറ്റ് ലീപ് ഫോർവേഡ്) എന്ന പേരിൽ ചൈനയുടെ അന്നത്തെ പരമോന്നത നേതാവ് മാവോ സേതുങ് നടപ്പാക്കിയ നയമായിരുന്നു ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കനത്ത ക്ഷാമത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.