ടെൽ അവീവ്: റഫയിൽ കരയാക്രമണത്തിനൊരുങ്ങുന്ന ഇസ്രായേലിനു മുന്നിൽ പുതിയ ‘ഓഫർ’ വെച്ച് യു.എസ് രഹസ്യാന്വേഷണ വിഭാഗം. ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ നീക്കങ്ങൾ അറിയിച്ചുതരാമെന്നും പകരം റഫ കരയാക്രമണം ഒഴിവാക്കണമെന്നുമാണ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) മേധാവി വില്യം ബേൺസിന്റെ നിർദേശം.
ഒക്ടോബർ ഏഴിലെ ഹമാസ് കടന്നുകയറ്റത്തിന്റെ മാസ്റ്റർ ബ്രെയിനെന്ന് ഇസ്രായേൽ സംശയിക്കുന്ന സിൻവാർ ഖാൻ യൂനുസിനും റഫക്കുമിടയിലെ തുരങ്കത്തിൽ ഒളിവിൽ കഴിയുന്നുവെന്നാണ് കരുതുന്നത്. സിൻവാറടക്കം ഹമാസ് നേതൃത്വത്തെകൂടി ലക്ഷ്യമിട്ടാണ് റഫ ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഇത് മുൻനിർത്തിയാണ് സിൻവാറിന്റെ നീക്കങ്ങൾ അറിയിച്ചുതന്നാൽ റഫ ആക്രമണനീക്കത്തിൽനിന്ന് പിൻവാങ്ങുമോയെന്ന ചോദ്യം ഉയർത്തിയത്.
13 ലക്ഷം ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന റഫയിൽ കരയാക്രമണം നടത്തിയാൽ സമാനതകളില്ലാത്ത കുരുതിക്കാകും ഗസ്സ സാക്ഷിയാകുക. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികൾക്ക് ഒഴിഞ്ഞുപോകാൻ ഇടമില്ലാതിരിക്കെയാണ് ഇസ്രായേൽ നീക്കം.
പശ്ചിമേഷ്യയിൽ നിരവധി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ബേൺസിന് ഇപ്പോൾ അറിവില്ലെങ്കിലും വരുംനാളുകളിൽ സിൻവാറിനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. എന്തു വിലകൊടുത്തും സിൻവാറിനെ കണ്ടെത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ ‘ഓഫറു’മായി മൊസാദ് തലവൻ ഡേവിഡ് ബാർണിയ, ഷിൻ ബെത് മേധാവി റോനൻ ബാർ എന്നിവരെ ബേൺസ് സമീപിച്ചിട്ടുണ്ട്. ഈ നീക്കത്തോട് ഇസ്രായേൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിവായിട്ടില്ല.
അതിനിടെ, ഇസ്രായേലിൽ ബന്ദി മോചനം ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളുമേന്തിയാണ് പ്രതിഷേധക്കാർ ടെൽ അവീവിൽ സമരം നടത്തിയത്. പലയിടത്തും പ്രധാന പാത ഉപരോധിച്ചായിരുന്നു സമരം. ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ തയാറായാൽ നാളെ തന്നെ വെടിനിർത്തൽ നടപ്പാക്കാനാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.