വദീഅ് ഷാദീ സഅദ് ഇൽയാൻ 

കേട്ടുകേൾവിയില്ലാത്ത ക്രൂരത: ഫലസ്തീനി ബാലനെ കൊന്ന ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി

വെസ്റ്റ്ബാങ്ക്: ഫലസ്തീനി​ ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപം തിങ്കളാഴ്ച ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ 14 വയസ്സുള്ള പലസ്തീൻ ബാലന്റെ മൃതദേഹമാണ് ഇസ്രായേൽ സൈന്യം എടുത്തുകൊണ്ടുപോയതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ (ഡി.​സി.ഐ.പി) എന്ന സംഘടന അറിയിച്ചു.

വദീഅ് ഷാദീ സഅദ് ഇൽയാൻ എന്ന ബാലന്റെ മൃതദേഹത്തോടാണ് ഇസ്രായേൽ ഈ ക്രൂരത കാണിച്ചത്. അതേസമയം, ഇതാദ്യമായല്ല മൃതദേഹങ്ങൾ ഇസ്രായേൽ എടുത്തുകൊണ്ടുപോകുന്നതെന്ന്

ഡിഫൻസ് ഫോർ ചിൽഡ്രൻപറയുന്നു. 2016 ജൂൺ മുതൽ 28 ഫലസ്തീനി കുട്ടികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയതായി സംഘടന അറിയിച്ചു. ഇതിൽ 3 കുഞ്ഞുങ്ങളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരികെ നൽകിയത്.

“മരിച്ചാലും ഫലസ്തീനി കുട്ടികൾക്ക് സ്വസ്ഥമായി വിശ്രമിക്കാൻ കഴിയില്ല. ഇസ്രായേൽ അധികാരികൾ അവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നു. പ്രിയപ്പെട്ടവർക്ക് അവസാന നോക്ക് കാണാൻ പോലും നൽകാതെ അനിശ്ചിതകാലത്തേക്ക് അവരുടെ തടങ്കലിൽ കുട്ടികളുടെ മൃതദേഹങ്ങൾ വെക്കുകയാണ്’ -ഡി.സി.ഐ.പി അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടർ അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു.

മൃതദേഹം കടത്താൻ സുപ്രീം കോടതിയുടെ അംഗീകാരവും

2019 സെപ്റ്റംബറിലാണ് ഈ ക്രൂര നടപടിക്ക് ഇസ്രായേൽ സുപ്രീം കോടതി അംഗീകാരം നൽകിയത്. ഇസ്രായേലി പൗരന്മാരെയോ സൈനികരെയോ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങൾ തടഞ്ഞുവെക്കണമെന്നും കുടുംബങ്ങൾക്ക് തിരികെ നൽകരുതെന്നും 2019 നവംബർ 27 ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ മൃതദേഹം പിടിച്ചെടുക്കുന്ന നയമുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇസ്രായേൽ എന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻ്റർനാഷണൽ ചൂണ്ടിക്കാട്ടി.

ആദ്യം വെടിവെച്ചു വീഴ്ത്തി, മരണമുറപ്പിക്കാൻ വീണ്ടും വെടിവെച്ചു

തിങ്കളാഴ്ച ഉച്ച 12.30 ഓടെയാണ് കിഴക്കൻ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിൽ വെച്ച് ഇസ്രായേൽ സൈന്യം വദീഅ് ഷാദീ സഅദ് ഇൽയാനെ വെടിവച്ചുകൊന്നത്. ആദ്യം വെടിയേറ്റപ്പോൾ അഞ്ച്മീറ്ററോളം ഓടിയ വദീഇന്റെ പിന്നാലെ ചെന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു. മരിച്ചെന്ന് ഉറ​പ്പാക്കിയതോടെ ഇസ്രായേൽ സൈന്യം മൃതദേഹം എടുത്തുകൊണ്ടുപോയി.

പിന്നാലെ, ഇന്നലെ ​ൈവകീട്ട് 3:30ന് ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വദീഇന്റെ പിതാവിനെ ബെത്‌ലഹേമിന് വടക്കുള്ള റേച്ചൽ ഡോം എന്നറിയപ്പെടുന്ന ഇസ്രായേലി സൈനിക ചെക്ക് പോയിൻ്റിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ, മകൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിക്കില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. ഇസ്രായേൽ സൈനികരും കുടിയേറ്റക്കാരും ഫലസ്തീനികൾക്കെതിരെ നിരന്തരം അക്രമം നടത്തുന്ന പ്രദേശത്താണ് വദീഅ് വളർന്നതെന്ന് അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു.

ഈ വർഷം മാത്രം 15 കുട്ടികളെ കൊലപ്പെടുത്തി 

ഗസ്സ യുദ്ധം ആരംഭിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 96 ഫലസ്തീൻ കുട്ടികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഈവർഷം 40 ദിവസത്തിനിടെ ഇസ്രായേൽ സേനയും കുടിയേറ്റക്കാരും ചേർന്ന് 15 ഫലസ്തീൻ കുട്ടികളെ അധിനിവേശ വെസ്റ്റ്ബാങ്കിൽ കൊലപ്പെടുത്തി. 2023ലാകട്ടെ, 121 ഫലസ്തീൻ കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ഡിസിഐപി റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ 103 കുട്ടികളെയും നേരിട്ട് വെടിവെച്ചുകൊല്ലുകയായിരുന്നു. 13 കുട്ടികൾ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് കുട്ടികൾ അപ്പാച്ചെ ഹെലികോപ്റ്ററിൽ നിന്ന് മിസൈലയച്ചും ഒരു കുട്ടി ഇസ്രായേൽ യുദ്ധവിമാനം നടത്തിയ വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടു. അന്താരാഷ്‌ട്ര നിയമപ്രകാരം, ജീവന് നേരിട്ടുള്ള ഭീഷണിയോ ഗുരുതരമായ പരിക്കോ ഏൽപിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ കുട്ടികൾക്കെതിരെ മനഃപൂർവമായ ബലപ്രയോഗം അംഗീകരിക്കുന്നുള്ളൂ. എന്നാൽ, ഇസ്രയേലി സൈന്യം ഈ നിയമങ്ങളൊന്നും പാലിക്കുന്നേയില്ലെന്ന് ഡിസിഐപി ചൂണ്ടിക്കാട്ടി.

ഫലസ്തീനികളുടെ മൃതദേഹങ്ങൾ തട്ടിക്കൊണ്ടുപോവുകയും തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന ഇസ്രായേൽ ക്രൂരത അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും ലംഘനമാണ്. സായുധ പോരാട്ടത്തിനിടെ മരിച്ചയാളെ മാന്യമായ രീതിയിൽ അടക്കം ചെയ്യാൻ കക്ഷികൾ സൗകര്യം ഒരുക്കണമെന്നാണ് വ്യവസ്ഥ. 

Tags:    
News Summary - Confiscation of Palestinian child’s body a violation of int’l law: Organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.