കാഠ്മണ്ഡു: കഴിഞ്ഞ സീസൺ കോവിഡിൽ മുങ്ങിയ എവറസ്റ്റിൽ ഇത്തവണ പർവതാരോഹണം സജീവമായതിനിടെ നിരവധി പേർക്ക് വൈറസ് ബാധ. നേപാളിലെ ബേസ് ക്യാമ്പിൽ നടന്ന പരിശോധനയിലാണ് നിരവധി പേർ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ എവറസ്റ്റ് കയറുന്ന സീസണിൽ രോഗം ഭീഷണിയുയർത്തുന്നത് വിനോദ സഞ്ചാരികളെയും പര്യവേക്ഷകരെയും ആശങ്കയിലാഴ്ത്തി.
നേപാൾ പർവതാരോഹണ ഏജൻസി ഇതുവരെ നാലു പേർക്കേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും 30ലേറെ പേരെ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ വഴി കാഠ്മണ്ഡുവിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു.
നേപാളിൽ അടുത്തിടെയായി കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മേയ് അഞ്ചിന് 6,700 പേരിലായിരുന്നു പുതുതായി രോഗം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് 1,100 മാത്രമായിരുന്നതാണ് ആറിരട്ടി വർധിച്ചത്.
ഈ വർഷം പുതുതായി എവറസ്റ്റ് കയറാൻ 408 പേർക്ക് അനുമതി നൽകിയിട്ടുണ്ട്. 72 മണിക്കൂറിനകം പൂർത്തിയാക്കിയ കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.