ന്യൂഡൽഹി: ലോകം മുഴൂക്കെ കോവിഡ് വാക്സിനിൽ അഭയം തേടുന്ന പുതിയ കാലത്ത് രണ്ടു ഡോസ് വാക്സിൻ പുർത്തിയാക്കാൻ എടുക്കുന്ന സമയ താമസമാണ് മിക്ക രാഷ്ട്രങ്ങളുടെയും ഉറക്കം കെടുത്തുന്നത്. വാക്സിൻ ക്ഷാമവും രോഗവ്യാപനവും സമം ചേർന്നതോടെ രോഗബാധിതരും ആരോഗ്യ വകുപ്പുകളും ഒരുപോലെ പ്രതിസന്ധിയിലാണ്.
ഇതിനിടെ, കോവിഡ് മുക്തർക്ക് ആശ്വാസം നൽകുന്ന പുതിയ ഗവേഷണ ഫലമാണ് ആതുര രംഗത്ത് പ്രതീക്ഷ പകരുന്നത്.
അമേരിക്കയിലെ സീദാഴ്സ്- സീനായ് മെഡിക്കൽ സെന്‍ററാണ് കോവിഡ് വാക്സിൻ രോഗമുക്തരിലും ഇതുവരെയും വരാത്തവരിലും എത്രകണ്ട് ഫലപ്രദമാണെന്ന വ്യത്യാസം തിരിച്ചറിയാൻ ഗവേഷണം നടത്തിയത്. 1,000 ലേറെ വരുന്ന ജീവനക്കാരിലായിരുന്നു വാക്സിൻ പരീക്ഷണം. ജീവനക്കാരിൽ കോവിഡ് മുക്തരായവർ ഒരു തവണ വാക്സിൻ സ്വീകരിച്ചപ്പോഴേ മികച്ച പ്രതിരോധം കാണിച്ചതായും രോഗമില്ലാതെ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരെക്കാൾ മികച്ചതായിരുന്നു ഇവരുടെതെന്നും ഗവേഷണ ഫലം പറയുന്നു. ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകളാണ് ഇവർക്ക് നൽകിയത്. നാച്വർ മെഡിസിൻ മാഗസിനിൽ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമാന പരീക്ഷണം നടന്ന ഇറ്റലിയിലെ ഫലവും ഇത് തെളിയിക്കുന്നതായി ന്യൂ ഇംഗ്ലണ്ട് മെഡിസിൻ ജേണൽ റിപ്പോർട്ട് പറയുന്നു. മിക്ക രാജ്യങ്ങളിലും വാക്സിനുകൾക്ക് കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശ്വാസകരമാകുന്നതാണ് ഇരു ഗവേഷണ ഫലങ്ങളും.
കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി ഉൾപെടെ യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് മുക്തർക്ക് ഒറ്റഡോസ് വാക്സിനാണ് നൽകിവരുന്നത്. ഇസ്രായേലാകട്ടെ, രോഗമുക്തർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം നടത്തിയിരുന്നില്ല. നിലവിൽ ഒറ്റ ഡോസാണ് നൽകുന്നത്.
രണ്ടാമത് നൽകുന്ന ബൂസ്റ്റർ വാക്സിൻ പുതിയ വകഭേദങ്ങളെ കൂടി ചെറുക്കാൻ സഹായകമായിരക്കുമെന്നാണ് മറ്റു പഠന ഫലങ്ങൾ പറയുന്നത്.
അതേ സമയം, യു.എസിൽ കോവിഡ് മുക്തർക്കും രണ്ടു ഡോസ് വാക്സിൻ നൽകുന്നുണ്ട്. രാജ്യത്ത് 31 ശതമാനം പേർക്ക് ഇതിനകം വാക്സിൻ വിതരണം പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.