ന്യൂയോർക്ക്: അവയവം മാറ്റിവെച്ച ആളുകൾക്ക് രണ്ട് ഡോസ് വാകസിൻ സ്വീകരിച്ചതിന് ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്ന് പഠനം. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഇക്കൂട്ടർ വാക്സിനേഷന് ശേഷവും കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദേശിക്കുന്നു.
സുപ്രധാന അവയവങ്ങൾ മാറ്റിവെച്ചവരിൽ മൊഡേണ, ഫൈസർ വാക്സിനുകൾ സ്വീകരിച്ച 54 ശതമാനം ആളുകളിൽ മാത്രമാണ് ആന്‍റിബോഡികൾ ഉൽപാദിപ്പിക്കപ്പെട്ടത്. ഗവേഷണത്തിലെ കണ്ടെത്തലുകൾ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
'അവയവം സ്വീകരിച്ചവർ രണ്ട് ഡോസ് വാക്സിൻ മതിയായ പ്രതിരോധശേഷി ഉറപ്പ് നൽകുന്നുവെന്ന് കരുതരുത്' -ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസറായ ഡോറി സെഗേവ് പറഞ്ഞു.
ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ സ്വീകരിക്കുന്ന ആളുകൾ പലപ്പോഴും പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനും മരുന്നുകൾ കഴിക്കണം. രോഗാണുക്കൾക്കെതിരെ വാക്സിൻ വഴി ഉണ്ടാവുന്ന ആന്‍റിബോഡികൾ നിർമിക്കാനുള്ള കഴിവിനെ അത് തടസപ്പെടുത്തിയേക്കാമെന്നും ഗവേഷകർ പറഞ്ഞു.
അവയവമാറ്റം നടത്തിയ 658 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ ആർക്കും തന്നെ 2020 ഡിസംബർ 16 മുതൽ മാർച്ച് 13 വരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 658 പേരിൽ 98 പേർക്ക് (15 ശതമാനം) ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 21 ദിവസങ്ങൾക്ക് ശേഷം ആന്‍റിബോഡികൾ ഉൽപാദിപ്പിക്കപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.
രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 29 ദിവസത്തിന് ശേഷം 658ൽ 357 പേരിൽ ആന്‍റിബോഡി കണ്ടെത്തി. അതായത് 54 ശതമാനം. രണ്ട് ഡോസ് വാക്സിനുകളും പരിഗണിക്കുേമ്പാൾ 658ൽ 301 പേർക്കും (46 ശതമാനം) ആന്‍റിബോഡികൾ ഉൽപാദിപ്പിക്കപ്പെട്ടിട്ടില്ല. 259 പേർക്ക് (39 ശതമാനം) രണ്ടാമത്തെ ഡോസിന് ശേഷമാണ് ആന്‍റിബോഡി ഉണ്ടായതെന്നും പഠനം കണ്ടെത്തി.
'ഞങ്ങളുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും രോഗപ്രതിരോധ ശേഷിയില്ലാത്ത മറ്റ് രോഗികളും വാക്സിനേഷനു ശേഷവും കർശനമായ കോവിഡ് സുരക്ഷാ മുൻകരുതലുകൾ തുടരാൻ ഞങ്ങൾ നിർദേശിക്കുന്നു' -സർവകലാശാലയിലെ സർജനായ ബ്രയാൻ ബോയർസ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.