വെസ്റ്റ് ബാങ്ക്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ നരനായാട്ടിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്നു. ഇറാൻ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളും അറബ് ലീഗും അക്രമത്തെ അപലപിച്ചു. പരിക്കേറ്റവർക്ക് ചികിത്സ പോലും നിഷേധിക്കുന്നതിൽ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് വളഞ്ഞ് ഇസ്രായേൽ നടത്തിയ സൈനികാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. റാമല്ലയിൽ 21 കാരനായ ഫലസ്തീനി യുവാവിനെയും കൊലപ്പെടുത്തി. ആക്രമണത്തിൽ 50 ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 10 പേരുടെ നില അതിഗുരുതരമാണ്.
1,000 ലേറെ സൈനികരുടെ അകമ്പടിയിൽ ഡ്രോണുകൾ ആകാശത്തുനിന്നും 150 ഓളം ബുൾഡോസറുകളും കവചിത വാഹനങ്ങളും കരമാർഗവും ജെനിൻ ക്യാമ്പിൽ 2002നുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കം തിങ്കളാഴ്ച പുലർച്ചെയാണ് ആരംഭിച്ചത്.
ജെനിൻ ബ്രിഗേഡ്സ് എന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടെന്ന പേരിലായിരുന്നു ക്യാമ്പിന് ചുറ്റും സൈന്യവും സൈനിക വാഹനങ്ങളും നിലയുറപ്പിച്ച് മുകളിൽ ഡ്രോണുകൾ തീ തുപ്പിയത്. കുട്ടികളും കൊല്ലപ്പെട്ടവരിൽപെടും. വീടുകളും വാഹനങ്ങളും ചാരമാക്കിയും റോഡുകളുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ബുൾഡോസറുകൾ ക്യാമ്പിലുടനീളം നാശം വിതച്ചു. വൈദ്യുതി വിച്ഛേദിച്ചും കെട്ടിടത്തിനു മുകളിൽ ഒളിപ്പോരാളികൾ നിലയുറപ്പിച്ചുമായിരുന്നു ഇസ്രായേൽ ക്രൂരത.
ഭരണകൂട ഭീകരതയും കുറ്റകൃത്യവുമാണ് ജെനിനെതിരായ ആക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പ്രതികരിച്ചു. സയണിസ്റ്റുകളെ സാമാന്യവത്കരിച്ചത് കൊണ്ട് അവരുടെ അക്രമണങ്ങൾക്ക് അറുതിയാവില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും സയണിസ്റ്റുകളുടെ പരാജയം സുനിശ്ചിതമാണെന്നും കനാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നിരപരാധികളായ സിവിലിയന്മാർ കൊല്ലപ്പെടുകയും അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുകയും ചെയ്യുന്നതിനെതിരെ അന്താരാഷ്ട്ര സംഘടനകൾ ഇടപെടണമെന്നും ഈജിപ്ത് ആവശ്യപ്പെട്ടു.
ജോർദാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സിനാൻ അൽ-മജലി ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇസ്രായേൽ ആക്രമണം തടയാനും അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീനികൾക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജെനിനിൽ ഇസ്രായേൽ നടത്തിയത് ക്രൂരമായ സൈനിക നടപടിയാണെന്ന് ആക്രമണത്തെ അപലപിച്ച് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്ത് ട്വീറ്റ് ചെയ്തു. വിമാനങ്ങൾ ഉപയോഗിച്ച് നഗരങ്ങളിലും ക്യാമ്പുകളിലും ബോംബിടുകയും വീടുകളും റോഡുകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തത് സമൂഹത്തിനെതിരായ പ്രതികാര നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിനൽ നീക്കം തടയാൻ ലോകമെമ്പാടുമുള്ള സമാധാനത്തിന്റെ വക്താക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീനിലെ റസിഡന്റ് ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്റർ ലിൻ ഹേസ്റ്റിംഗ്സ് ആവശ്യപ്പെട്ടു. ആരോഗയപ്രവർത്തകർക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.