ദരിദ്ര രാജ്യങ്ങൾക്കെതിരെ ക്രൂരതന്ത്രം: തുറന്നടിച്ച് യു.എൻ മേധാവി

ദോഹ: സമ്പന്നരാജ്യങ്ങൾ വികസനം കുറവുള്ള രാജ്യങ്ങൾക്കെതിരെ ക്രൂരതന്ത്രം പ്രയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഖത്തറിലെ ദോഹയിൽ നടക്കുന്ന അവികസിത രാജ്യങ്ങളുടെ ഉച്ചകോടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊള്ളപ്പലിശ ഈടാക്കിയും ഇന്ധന വിലയിൽ ഇടപെട്ടും ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങൾ ഞെക്കിക്കൊല്ലുകയാണ്. രാജ്യങ്ങൾ വിഭവങ്ങളില്ലാതെയും കടത്തിൽ മുങ്ങിയും ചരിത്രപരമായ അനീതിയോട് പോരാടുമ്പോൾ സാമ്പത്തിക വികസനം വെല്ലുവിളി നിറഞ്ഞതാണ്.

മൂലധനച്ചെലവ് ആകാശത്തോളം ഉയരുമ്പോൾ സമ്പന്നരാജ്യങ്ങൾ ഒന്നും ചെയ്യാതെ കാലാവസ്ഥ ദുരന്തത്തെ ചെറുക്കുക വെല്ലുവിളിയാണ്. ബക്കറ്റിലെ തുള്ളി പോലെയാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. ഫോസിൽ ഇന്ധന ഭീമന്മാർ വലിയ ലാഭം കൊയ്യുന്നു. അതേസമയം, ദരിദ്ര രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വിശപ്പകറ്റാൻ ഭക്ഷണമില്ല. ഡിജിറ്റൽ വിപ്ലവത്തിൽ ദരിദ്രരാജ്യങ്ങൾ പിന്നാക്കം പോകുകയാണ്. യുക്രെയ്ൻ യുദ്ധം ദരിദ്ര രാജ്യങ്ങൾ ഭക്ഷണത്തിനും ഇന്ധനത്തിനും നൽകുന്ന വില വർധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗുട്ടെറസ് പറഞ്ഞു.

ആഗോള സാമ്പത്തിക സംവിധാനങ്ങൾ രൂപപ്പെടുത്തിയത് സമ്പന്ന രാജ്യങ്ങളാണ്. മിക്കവാറും അവരുടെ ഗുണത്തിനുവേണ്ടി. ദരിദ്രരാജ്യങ്ങൾ കൊള്ളപ്പലിശയിൽ കുടുങ്ങിക്കിടക്കുകയാണ്. മൊത്തവരുമാനത്തിന്റെ 0.15 ശതമാനം മുതൽ 0.20 ശതമാനം വരെ ദരിദ്ര രാജ്യങ്ങൾക്ക് നൽകുമെന്ന വാഗ്ദാനം സമ്പന്നരാജ്യങ്ങൾ പാലിക്കുന്നില്ല. കടം തീർക്കാനും വ്യവസായം വളർത്താനും തൊഴിൽ സൃഷ്ടിക്കാനും പണം വേണം. ദരിദ്ര രാജ്യങ്ങളുടെ പ്രശ്നങ്ങൾ തീർക്കാൻ പ്രതിവർഷം ചുരുങ്ങിയത് 50,000 കോടി ഡോളർ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പന്നരാജ്യങ്ങൾ നൽകുന്ന സഹായം എന്തെങ്കിലും ആനുകൂല്യമോ ജീവകാരുണ്യമോ അല്ലെന്നും മറിച്ച് ധാർമിക ഉത്തരവാദിത്തമാണെന്നും ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന മലാവി പ്രസിഡന്റ് ലസാറുസ് ചക്വേര പറഞ്ഞു. ഏറ്റവും അവികസിതമായ 46 രാജ്യങ്ങളാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്നത്. 10 വർഷത്തിലൊരിക്കൽ നടക്കാറുള്ള ഉച്ചകോടി 2021ൽ നടക്കേണ്ടതായിരുന്നു. കോവിഡ് കാരണമാണ് നീട്ടിവെച്ചത്. മ്യാന്മർ, അഫ്ഗാനിസ്താൻ ഭരണകൂടങ്ങളെ യു.എൻ അംഗരാജ്യങ്ങൾ അംഗീകരിക്കാത്തതിനാൽ അവികസിത രാജ്യമാണെങ്കിലും അവർ പങ്കെടുക്കുന്നില്ല.

Tags:    
News Summary - Cruel strategy against poor countries: UN chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.