ഗസ്സ സിറ്റി: സമീപകാലത്തെ ഏറ്റവും ക്രൂരമായ വ്യോമാക്രമണങ്ങളിലൊന്നായി മാറിയ, ഗസ്സയിലെ ഇസ്രായേൽ ബോംബിങ്ങിൽ ഏറ്റവും ഒടുവിൽ തകർന്നത് ചിരപുരാതന ക്രൈസ്തവ ദേവാലയവും. ഇപ്പോഴും ആരാധന നടക്കുന്ന, ലോകത്തെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ആരാധനാലയങ്ങളിലൊന്നായ ഗസ്സയിലെ സെന്റ് പോർഫിറിയോസ് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചാണ് ഇസ്രായേൽ സേന തകർത്തത്. ചർച്ചിൽ അഭയം തേടിയ നൂറുകണക്കിനാളുകളിൽ 18 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളായ അഞ്ഞൂറോളം പേർ അഭയം തേടിയ സെന്റ് പോർഫിറിയോസിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീൻ ക്രോണിക്കിൾ പറഞ്ഞു. ജറൂസലം ആസ്ഥാനമായ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റിന്റെ കീഴിലുള്ളതാണ് ചർച്ച്. ഇസ്രായേൽ ചെയ്തിയെ പാത്രിയാർക്കേറ്റ് അപലപിച്ചു. ‘‘ഇസ്രായേൽ ബോംബാക്രമണത്തിൽ വീടു നഷ്ടപ്പെട്ട നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകിയ ചർച്ചുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണ്. ഇത് അവഗണിക്കാൻ കഴിയില്ല’’ - പാത്രിയാർക്കേറ്റ് വ്യക്തമാക്കി.
എ.ഡി 425 ൽ നിർമിച്ച ക്രൈസ്തവ ദേവാലയത്തിന്റെ സ്ഥാനത്ത് 1150 ൽ സ്ഥാപിതമായതാണ് ബിഷപ് പോർഫിറിയോസിന്റെ പേരിലുള്ള ചർച്ച്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ചർച്ചാണെന്നും പറയപ്പെടുന്നുണ്ട്. 1500 വർഷം മുമ്പ് ഗസ്സയിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയനായിരുന്നു പോർഫിറിയോസ്. ചർച്ചിന്റെ വടക്കുകിഴക്കൻ ഭാഗത്തായി ബിഷപ്പിന്റെ കല്ലറയുണ്ട്. 1000-1500നും ഇടയിൽ ക്രൈസ്തവ വിശ്വാസികളുള്ള ഗസ്സയിലെ മൂന്നു ചർച്ചുകളിലൊന്നാണിത്. ഗസ്സ ബാപ്റ്റിസ്റ്റ് ചർച്ച്, ഹോളി ഫാമിലി കത്തോലിക്ക ചർച്ച് എന്നിവയാണ് മറ്റു രണ്ട് ദേവാലയങ്ങൾ.ഗസ്സക്കു മേൽ മുൻകാലങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ ഒട്ടേറെ പേർക്ക് അഭയമായിരുന്നതാണ് പോർഫിറിയോസ് ചർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.