ന്യൂയോർക്: വർണവെറിയൻ പൊലീസിെൻറ അതിക്രമത്തിൽ ജോർജ് േഫ്ലായ്ഡ് കൊല്ലപ്പെട്ടതിെൻറ മുറിവുണങ്ങുംമുമ്പ് യു.എസിൽ വീണ്ടും പൊലീസ് നടപടിക്കിടെ കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നു. ഡാനിയൽ പ്രൂഡ് എന്ന 41കാരനാണ് ഇക്കഴിഞ്ഞ മാർച്ചിൽ ന്യൂയോർക്കിൽ കൊല്ലപ്പെട്ടത്.
എന്നാൽ, വിവരം പുറത്തുവന്നത് ഇപ്പോഴാണ്. നിരായുധനായ ഇയാളെ പിടികൂടി പൊലീസിനെ തുപ്പുകയോ കടിക്കുകയോ ചെയ്യുന്നത് തടയാനുള്ള മുഖാവരണം (സ്പിറ്റ്ഹൂഡ്) അണിയിച്ച് രണ്ട് മിനിറ്റോളം റോഡിൽ മുഖം അമർത്തിപ്പിടിച്ചതയായി കാമറ ദൃശ്യങ്ങളിൽ വ്യക്തമായി.
മിനിസോടയിൽ ജോർജ് േഫ്ലായ്ഡിനെ വെള്ളക്കാരനായ പൊലീസുകാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ യു.എസിലും ലോകമെമ്പാടും വംശീയ വിരുദ്ധ സമരങ്ങൾ ആളിപ്പടർന്നിരുന്നു. ആഗസ്റ്റ് 23ന് വിസ്കോൺസനിലെ കെനോഷയിൽ അറസ്റ്റിനിടെ കറുത്ത വർഗക്കാരനായ ജേക്കബ് േബ്ലക്കിന് പിന്നിൽനിന്ന് ഏഴുതവണ വെടിയേറ്റു. ഈ സംഭവം, ഒരുവേള അടങ്ങിയ പ്രക്ഷോഭം വീണ്ടും തീപിടിക്കാൻ കാരണമായി.
ഇതിനുപിന്നാലെയാണ് മാസങ്ങൾക്കു മുമ്പ് നടന്ന മറ്റൊരു വംശീയ അതിക്രമവും കൊലയും യു.എസിൽ ചർച്ചയാകുന്നത്. റോചെസ്റ്റർ, ന്യൂയോർക് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പ്രൂഡിെൻറ കൊലയിൽ പ്രതിഷേധിച്ച് നിരവധിപേർ സംഘടിച്ചു.
പ്രതിഷേധവുമായി പൊലീസ് ആസ്ഥാനത്തേക്ക് കടന്നവരെ അധികൃതർ കുറച്ചുനേരം കസ്റ്റഡിയിൽ വെച്ചശേഷം വിട്ടയച്ചു. ഇതിനുപിന്നാലെ, യു.എസ് അറ്റോണി ജനറൽ വില്യം ബാർ, വംശീയത മൂലം പൊലീസ് വെളുത്തവരെയും കറുത്തവരെയും രണ്ടുരൂപത്തിലാണ് പരിഗണിക്കുന്നത് എന്ന ആരോപണം ശരിയല്ലെന്ന് പറഞ്ഞു.
പ്രൂഡിെൻറ സഹോദരൻ ജോ കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹം പറഞ്ഞത്, മാർച്ച് 23ന് പ്രൂഡ് കടുത്ത മാനസിക പ്രശ്നങ്ങൾ കാണിച്ചതിനാൽ താൻ പൊലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു എന്നാണ്. ഷികാഗോയിൽ നിന്നുള്ള വെയർഹൗസ് ജോലിക്കാരനായ ഡാനിയൽ പ്രൂഡ് അഞ്ചുകുട്ടികളുടെ പിതാവുമാണ്. സഹോദരനെ കാണാനെത്തിയതായിരുന്നു അദ്ദേഹം. അപ്പോഴാണ് അയാളുടെ മരണത്തിൽ കലാശിച്ച സംഭവങ്ങളുണ്ടായത്.
പൊതുരേഖകൾ കാണാനുള്ള അവകാശമനുസരിച്ച് പ്രൂഡിെൻറ കുടുംബം പൊലീസ് ബോഡി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. ഇതിൽ ഇയാൾ നഗ്നനായി തെരുവിലൂടെ ഓടുന്നതും നിരായുധനായി പൊലീസുകാർക്കിടയിൽ നിലത്ത് കിടക്കുന്നതും കാണാം. പൊലീസ് അഭ്യർഥിച്ച ഉടൻ കീഴടങ്ങി. ചിലപ്പോൾ ക്ഷോഭിക്കുന്നതും തുപ്പുന്നതും കാണാം. എന്നാൽ, കായികമായി പ്രതികരിച്ചില്ല. തനിക്ക് കോവിഡുണ്ടെന്ന് പറഞ്ഞതിനുപിന്നാലെ പൊലീസുകാർ പ്രൂഡിന് സ്പിറ്റ്ഹുഡ് ഇട്ട് അമർത്തിപ്പിടിച്ചു. അതോടെ ശ്വാസം നിലക്കുകയും മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു. കാര്യം കൈവിടുകയാണെന്ന് തോന്നിയ പൊലീസ് പ്രൂഡിനെ ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മാർച്ച് 30നാണ് പ്രൂഡിെൻറ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്.പൊലീസ് കാമറ ദൃശ്യങ്ങൾ കിട്ടാൻ വൈകിയതിനാലാണ് സംഭവം പൊതുസമൂഹത്തെ അറിയിക്കാൻ താമസിച്ചത് എന്നാണ് ഇവരുടെ അഭിഭാഷകൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.