കാബൂൾ: രാജ്യം വിടാനായി കാബൂൾ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 അമേരിക്കൻ സേനാംഗങ്ങളടക്കം 73 ആയി. 140 ലേറെ പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് വിമാനത്താവള കവാടത്തിനരികിലാണ് സ്ഫോടനം. 60 സ്വദേശികളും 11 യു.എസ് മറീനുകളും ഒരു നേവി മെഡിക്കൽ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെൻറഗൺ സ്ഥിരീകരിച്ചു. 15 ഓളം സേനാംഗങ്ങൾക്കു പരിക്കേറ്റതായും പെൻറഗൺ അറിയിച്ചു. സ്ഫോടനത്തിനുപിന്നിൽ ഐ.എസ് ആണെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ബി.ബി.സി റിപ്പോർട്ടു ചെയ്തു.
യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒഴിപ്പിക്കൽ ദൗത്യത്തിെൻറ തിരക്കിനിടയിൽ ഭീകരാക്രമണമുണ്ടാവുമെന്നും ആളുകൾ വിമാനത്താവളത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിട്ടെൻറയും യു.എസിെൻറയും മുന്നറിയിപ്പു വന്ന് മണിക്കൂറുകൾക്കകമാണ്, ചാവേർ ആക്രമണമെന്ന് സംശയിക്കുന്ന ഇരട്ട സ്ഫോടനങ്ങളുണ്ടായത്.
അഫ്ഗാനികൾക്കു പുറമെ ഏതൊക്കെ രാജ്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. താലിബാൻ സേനാംഗങ്ങൾക്കും പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്. വിമാനത്താവളം അമേരിക്കൻ സേനയും പുറത്ത് താലിബാനുമാണ് നിയന്ത്രിക്കുന്നത്.
ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറെസ്, അഫ്ഗാനിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതാണ് സ്ഫോടനമെന്ന് കൂട്ടിച്ചേർത്തു. ആക്രമണത്തെ ഇന്ത്യയും അപലപിച്ചു.
ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കി വിദേശരാജ്യങ്ങൾ അഫ്ഗാൻ വിടണമെന്ന് താലിബാൻ അന്ത്യശാസനം നൽകിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ അഭൂതപൂർവമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിരവധി രാജ്യങ്ങൾ പൗരന്മാരോട് നിർദേശിച്ചിരുന്നു. ഒഴിപ്പിക്കൽ ദൗത്യം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.