ഖർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് വിദേശ പൗരന്മാരെയും നയതന്ത്ര പ്രതിനിധികളെയും ഒഴിപ്പിക്കുന്നത് തുടരുന്നു. നൂറുകണക്കിന് വിദേശികളെ ഇതിനകം വ്യോമമാർഗം സുഡാനിൽനിന്ന് രക്ഷപ്പെടുത്തിക്കഴിഞ്ഞു. അമേരിക്ക, ജർമനി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
അതേസമയം, വിദേശികൾ കൂട്ടത്തോടെ രാജ്യം വിടുമ്പോൾ ആശങ്കയോടെ കഴിയുകയാണ് രാജ്യത്തെ സാധാരണ ജനങ്ങൾ. ഒഴിപ്പിക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുമെന്ന ഭയത്തിലാണ് ഇവരുള്ളത്.
അങ്ങേയറ്റം സങ്കീർണമായ പ്രക്രിയയിലൂടെയാണ് വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്നത്. വെടിവെപ്പിനും ഏറ്റുമുട്ടലിനും നടുവിലൂടെയാണ് പലരുടെയും പലായനം. നൂറുകണക്കിന് മൈലുകൾ സഞ്ചരിച്ചാണ് പലരും രാജ്യത്തിന് പുറത്ത് സുരക്ഷിതമായി എത്തുന്നത്. യൂറോപ്പിൽനിന്നും മിഡിൽ ഈസ്റ്റിൽനിന്നുമുള്ള നിരവധി സൈനിക വിമാനങ്ങൾ ഞായറാഴ്ചയും തിങ്കളാഴ്ചയും രക്ഷാദൗത്യത്തിെന്റ ഭാഗമായി സുഡാനിലെത്തി. സുരക്ഷാ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് ഫ്രാൻസും ജർമനിയും അറിയിച്ചു. ഇന്ത്യയുടെ രണ്ട് വ്യോമസേനാ വിമാനങ്ങൾ കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയിരുന്നു. നാവിക സേനയുടെ കപ്പൽ സുഡാനിലെ തുറമുഖത്തുമെത്തിയിട്ടുണ്ട്.
ഇരുവിഭാഗങ്ങളും തമ്മിൽ ശാശ്വത വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് ഊജിതമാക്കിയത്. 10 ദിവസമായി തുടരുന്ന പോരാട്ടത്തെതുടർന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത് ദശലക്ഷക്കണക്കിനാളുകളാണ്. എങ്ങും വെടിവെപ്പും സ്ഫോടനശബ്ദങ്ങളുമാണ്. തെരുവുകളിൽ വ്യാപകമായ കൊള്ളയും അരങ്ങേറുന്നു. കടകളിൽ അവശ്യവസ്തുക്കൾ ഏതാണ്ട് തീരാറായെന്നാണ് റിപ്പോട്ടുകൾ. ആശുപത്രികളുടെ പ്രവർത്തനവും നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്. സംഘർഷത്തിൽ ഇതുവരെ 420 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 3700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന 4000ഓളം പൗരൻമാരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ യു.കെ സജീവമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.