ടെക്സസ്: ടെക്സസ് വെടിവെപ്പിന് ശേഷം പ്രദേശം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് മുന്നിലേക്ക് രാജ്യത്തെ തോക്ക് ലോബിക്കെതിരെ നടപടിയെടുക്കണമെന്ന് ആൾക്കൂട്ടത്തിന്‍റെ അഭ്യർഥന. ടെക്സസിലെ ഉവാൾഡെ സന്ദർശനത്തിനിടെയാണ് അഭ്യർഥനയുമായി ആളുകൾ പ്രസിഡന്‍റിനെ വളഞ്ഞത്.
വെടിവെപ്പിൽ കൊല്ലപ്പെട്ട 21പേർക്ക് വേണ്ടി ബൈഡൻ പ്രാർഥിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടൊപ്പം പ്രാർഥിച്ച് പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ജനക്കൂട്ടത്തിൽ നിന്ന് ആർപ്പുവിളികൾ ഉയർന്നത്.
നമുക്ക് മാറ്റങ്ങൾ വേണമെന്ന് ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു. ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ജനങ്ങൾ ബൈഡനോട് അഭ്യർഥിച്ചു. ഞങ്ങൾ ഇത് അവസാനിപ്പിക്കുമെന്ന് ബൈഡൻ ജനക്കൂട്ടത്തോട് പ്രതികരിച്ചു.
സംഭവത്തിൽ ഞങ്ങളുടെ ഹൃദയങ്ങൾ തകർന്നിരിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് ഗുസ്താവോ ഗാർസിയ പള്ളിയിൽ വെച്ച് ബൈഡനോട് പറഞ്ഞു. ടെക്സസിൽ വെച്ച് പരസ്യമായി പ്രതികരിക്കാൻ ബൈഡൻ തീരുമാനിച്ചിരുന്നില്ല.
റോബ് എലിമെന്ററി സ്കൂളിൽ നടന്ന വെടിവെപ്പിൽ 19 കുട്ടികളും രണ്ട് അധ്യാപകരുമുൾപ്പടെ 21 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അമേരിക്കയിലെ തോക്ക് ലോബി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.