ജനീവ: ഗസ്സയിലെ റഫയിൽ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിനോട് മനുഷ്യത്വത്തിന്റെ പേരിൽ അപേക്ഷിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന മേധാവി ഡോ. തെദ്രോസ് അദാനോം ഗബ്രിയെസൂസ് ആണ് എക്സിലൂടെ അഭ്യർഥന നടത്തിയത്. ‘‘റഫയിൽ കരയുദ്ധത്തിന് തയാറെടുക്കുന്നതായ റിപ്പോർട്ടിൽ എനിക്ക് ആശങ്കയുണ്ട്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്ത് ആക്രമണം നടത്തിയാൽ മരണവും നാശനഷ്ടങ്ങളും കൂടുതലായിരിക്കും. ആ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് മനുഷ്യത്വത്തിന്റെ പേരിൽ ഇസ്രായേലിനോട് അപേക്ഷിക്കുകയാണ്. 12 ലക്ഷത്തോളം മനുഷ്യർക്ക് പോകാനായി സുരക്ഷിതമായ ഒരിടവുമില്ല.
പൂർണതോതിൽ സുരക്ഷിതമായി പ്രവർത്തിക്കുന്ന ഒരു ആരോഗ്യസംവിധാനവും ഗസ്സയിൽ എവിടെയുമില്ല. ജനങ്ങൾ ദുർബലരും രോഗികളും പട്ടിണി അനുഭവിക്കുന്നവരുമാണ്. ഈ മാനുഷിക ദുരന്തം വ്യാപിക്കാൻ അനുവദിക്കരുത്’’ -ഡോ. തെദ്രോസ് അദാനോം എക്സിൽ കുറിച്ചു. റഫയിൽ കരയുദ്ധത്തിന് ഇസ്രായേൽ സൈന്യത്തിന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും നടത്തുന്ന അഭ്യർഥനകളെ അവഗണിച്ച് കൂട്ടക്കുരുതിയുമായി മുന്നോട്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം. അമേരിക്ക ഉൾപ്പെടെ സുഹൃദ് രാജ്യങ്ങളുടെ സമ്മർദത്തെയും ഇസ്രായേൽ മാനിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.