സ്റ്റോക്ഹോം: ഡാരോൺ അസെമോഗ്ലുവും സൈമൺ ജോൺസനും ജെയിംസ് റോബിൻസണും സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ടപ്പോൾ അക്കാദമിക മികവിനൊപ്പം മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞരും തമ്മിലുള്ള ഇഴയടുപ്പവും പുരസ്കാര പ്രഖ്യാപനത്തിനൊപ്പം ചർച്ചയാകുന്നു.
മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫാക്കൽറ്റികളായ ഡാരോൺ അസെമോഗ്ലുവും സൈമൺ ജോൺസനും ദീർഘകാലമായി ഗവേഷണത്തിൽ സഹകരിക്കുന്നു. ‘അധികാരവും പുരോഗതിയും: സാങ്കേതികവിദ്യക്കും സമൃദ്ധിക്കും വേണ്ടിയുള്ള 1000 വർഷത്തെ പോരാട്ടം’ എന്ന പുസ്തകം അസെമോഗ്ലുവും സൈമൺ ജോൺസണും ഒരുമിച്ചെഴുതി 2023ൽ പ്രസിദ്ധീകരിച്ചതാണ്.
ഷികാഗോ സർവകലാശാലയിൽ പ്രഫസറായ ജെയിംസ് റോബിൻസണും പഠന ഗവേഷണങ്ങളിൽ ഏറെക്കാലമായി ഇവരുമായി സഹകരിക്കുന്നു. ‘എന്തുകൊണ്ട് രാഷ്ട്രങ്ങൾ പരാജയപ്പെടുന്നു’ (2012), ‘ദി നാരോ കോറിഡോർ’ (2019) എന്നീ പുസ്തകങ്ങൾ അസെമോഗ്ലുവും റോബിൻസണും ചേർന്നാണെഴുതിയത്.
സാമൂഹിക സ്ഥാപനങ്ങൾ രൂപപ്പെടുന്നതും പുരോഗതിയിൽ സ്വാധീനം ചെലുത്തുന്നതും എങ്ങനെയെന്നായിരുന്നു ഇവരുടെ പഠനത്തിന്റെ ഊന്നൽ. 500 വർഷമായി പല രാജ്യങ്ങളിലുമുണ്ടായ സാമൂഹിക മാറ്റങ്ങൾ പഠനവിധേയമാക്കി ഇവർ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകൾക്ക് ചരിത്ര വസ്തുതകളുടെ പിൻബലമുണ്ട്. എം.ഐ.ടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറാണ് അസെമോഗ്ലു. നൈപുണ്യവും വേതനവും തമ്മിലുള്ള ബന്ധം, തൊഴിലിലും വളർച്ചയിലും ഓട്ടോമേഷന്റെ സ്വാധീനം എന്നീ വിഷയങ്ങളിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയയാളാണ് തുർക്കിയയിൽ ജനിച്ച അസെമോഗ്ലു.
1989ൽ ഇംഗ്ലണ്ടിലെ യോർക്ക് സർവകലാശാലയിൽനിന്ന് ബി.എ നേടിയ അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് 1990ൽ ബിരുദാനന്തര ബിരുദവും 1992ൽ പിഎച്ച്.ഡിയും നേടി. 1993ൽ എം.ഐ.ടി ഫാക്കൽറ്റിയിൽ ചേർന്ന അദ്ദേഹം അന്നുമുതൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർന്നു. 120ലധികം റിവ്യൂ പേപ്പറുകൾ തനിച്ചോ മറ്റുള്ളവരുമായി ചേർന്നോ എഴുതിയ അദ്ദേഹം നാല് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. എം.ഐ.ടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പ്രഫസറാണ് സൈമൺ ജോൺസൺ. സാമ്പത്തിക മേഖലയും നിയന്ത്രണങ്ങളും, ധനനയം, വികസന പ്രശ്നങ്ങൾ, സാങ്കേതിക വിദ്യക്ക് അഭിവൃദ്ധി വർധിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയുന്ന വഴികൾ തുടങ്ങിയവയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പഠനങ്ങൾ. ഇംഗ്ലണ്ട് സ്വദേശിയായ ജോൺസൺ ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ബി.എയും മാഞ്ചസ്റ്റർ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എയും എം.ഐ.ടിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണ ബിരുദവും നേടി. 2007 മുതൽ 2008 വരെ അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്നു.
ധനമേഖലയിലെ അമേരിക്കയുടെ നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്ന അദ്ദേഹത്തിന്റെ ‘13 ബാങ്കേഴ്സ്’ എന്ന പഠനം ശ്രദ്ധേയമാണ്. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് റോബിന്‍സണ്‍ ഷികാഗോ സര്‍വകലാശാലയിലെ പ്രഫസറാണ്. 1982ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് സയൻസ് ബിരുദം നേടിയ അദ്ദേഹം 1986ൽ വാർവിക് സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.ജിയും 1993ൽ യേൽ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.