കനത്ത മഴയിലും കാറ്റിലും പാക്കിസ്ഥാനിൽ എട്ട് കുട്ടികളുൾപ്പെടെ 27 പേർ മരിച്ചു

ബിപാർജോയ് ചുഴലിക്കാറ്റ് രാജ്യത്തോട് അടുക്കുമ്പോൾ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 27 ആയി. മരിച്ച 27 പേരിൽ എട്ടും കുട്ടികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമാണുള്ളത്.147 പേർക്ക് പരിക്കേറ്റു.

ശനിയാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നാല് ജില്ലകളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. നാല് ജില്ലകളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്നു ജില്ലയിൽ രണ്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള അഞ്ച് സഹോദരങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചു. 200കന്നുകാലികൾ ചത്തതായും പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി വക്താവ് തൈമൂർ അലി ഖാൻ എ.എഫ്‌.പിയോട് പറഞ്ഞു. മഴക്കെടുതിയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി, വൈദ്യുത തൂണുകൾ ഒടിഞ്ഞുവീണു. നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ഏറെ പ്രയാസം നിറഞ്ഞതാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൊടുങ്കാറ്റിൽ ഉണ്ടായ ജീവഹാനിയിൽ ദുഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികാരികൾക്ക് നിർദേശം നൽകി. കഴിഞ്ഞ വർഷം മൺസൂൺ മഴയും വെള്ളപ്പൊക്കവും രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാക്കിയിരുന്നു. അന്ന്, 1700ലധികം പേരാണ് മരിച്ചത്. ബൈപാർജോയ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags:    
News Summary - Eight children among 27 killed in Pakistan due to heavy rains and strong winds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.