ഹവാന: ആദ്യം സ്പെയിനും പിന്നെ അമേരിക്കയും കോളനിയാക്കിവെച്ച നീണ്ട കാലം അവസാനിപ്പിച്ച് ക്യൂബയെ ശരിക്കും സ്വതന്ത്രമാക്കിയ 1959ലെ വിപ്ലവം മുതൽ കാസ്ട്രോ എന്ന പേരുകൂടി രാജ്യത്തിന്‍റെ ഭാഗമാണ്. ക്യൂബക്ക് സ്വാതന്ത്ര്യം നേടിെക്കാടുക്കുന്നതിൽ മുന്നിൽനിന്ന ഫിദൽ കാസ്ട്രോ തന്നെയായിരുന്നു പതിറ്റാണ്ടുകളോളം രാജ്യത്തിന് പിതാവും ഭരണകർത്താവും പിന്നെയെല്ലാം. അതുകഴിഞ്ഞ് ഇളയ സഹോദരൻ റൗൾ കാസ്ട്രോയും ഭരണം ചലിപ്പിച്ചെങ്കിലും പ്രായം 90 തികഞ്ഞ അദ്ദേഹം കൂടി പടിയിറങ്ങുന്നതോടെ ക്യൂബ പ്രവേശിക്കുന്നത് പുതിയ യുഗത്തിലേക്ക്.
20ാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും മഹാന്മാരായ രാഷ്ട്രീയ നേതാക്കളിൽ മുന്നിലുണ്ടായിരുന്ന ഫിദൽ 90ാം വയസ്സിൽ 2016ലാണ് വിടപറയുന്നത്. ശീതയുദ്ധം ലോകത്തെ മുനയിൽ നിർത്തിയ തൊട്ടുമുമ്പും ശേഷവും അമേരിക്കയോട് മല്ലിട്ടുനിന്ന് ക്യൂബയെ കരുത്തോടെ നിർത്തിയ അദ്ദേഹം അതുകൊണ്ടുതന്നെ രാജ്യത്തുമാത്രമല്ല, ആഗോള തലത്തിലും ആദരിക്കപ്പെട്ടു. റഷ്യൻ ഭരണാധികാരി നികിത ക്രൂഷ്ചേവ് ഉൾപെടെ അദ്ദേഹത്തെ ആരാധനയോടെ കണ്ടു. അഞ്ചു പതിറ്റാണ്ടോളം ക്യൂബയിൽ എതിരില്ലാതെ ഭരണം നിയന്ത്രിച്ചു. ഇതിനിടയിൽ പഴയ കോളനി തിരിച്ചുപിടിക്കാൻ അമേരിക്ക നേരിട്ട് നടത്തിയ ശ്രമങ്ങൾ ഒറ്റക്കുനിന്ന് തോൽപിച്ച് വീരപുരുഷനായി. പരസ്യമായി റഷ്യക്കൊപ്പം നിലയുറപ്പിച്ച് അമേരിക്കയോട് കൊമ്പുകോർത്ത കാസ്ട്രോ ക്യൂബൻ ജനതയുടെ ഹൃദയത്തിൽ ജീവിച്ചു മരണം വരെയും.
വിയോഗത്തിന് 10 വർഷം മുന്നേ പ്രസിഡന്‍റ് പദവി സഹോദരന് കൈമാറി സ്വകാര്യ ജീവിതത്തിലേക്ക് പിൻവാങ്ങിയെങ്കിലും ഔദ്യോഗികമായി റൗൾ ചുമതലയേറ്റെടുക്കുന്നത് 2016ൽ ഫിദലിന്‍റെ മരണശേഷം. നീണ്ട 47 വർഷം സൈനിക നേതൃത്വം വഹിച്ച അനുഭവവും കരുത്തും കൂട്ടുപിടിച്ചായിരുന്നു റൗൾ ഭരണം. അമേരിക്ക നടപ്പാക്കാൻ ശ്രമിച്ച രാഷ്ട്രീയ പരിവർത്തനങ്ങളെ ചെറുത്തുനിന്നപ്പോഴും നീണ്ട ഇടവേളക്കു ശേഷം സൗഹൃദത്തിന്‍റെ ചെറിയ വാതിലുകൾ തുറന്നിട്ടു, അദ്ദേഹം. അത് ഇരു രാജ്യങ്ങളെയും പാതി അടുപ്പിക്കുന്നതിലും വിജയിച്ചു.
2018ൽ തന്നെ 60കാരനായ മിഗ്വൽ ഡയസ് കാനലിന് അധികാരം കൈമാറിയിരുന്ന റൗൾ പൂർണമായും വിശ്രമത്തിലേക്ക് മടങ്ങുകയാണിപ്പോൾ. അതും 89ാം വയസ്സിൽ. ക്യൂബയുടെ ചരിത്രത്തിൽ കാസ്ട്രോ ഭരിച്ച നീണ്ട ആറു പതിറ്റാണ്ടിനാണ് അതോടെ വിരാമമാകുന്നത്.
മിഗ്വലും പിൻഗാമികളും വന്നാലും അടിയന്തരമായി രാജ്യത്തിന്‍റെ ഏക കക്ഷി ഭരണസംവിധാനത്തിനോ മറ്റോ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. എന്നാൽ, സാമ്പത്തിക തലത്തിൽ പുതിയ കാല സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരും. കോവിഡ് കാലത്ത് 10 ശതമാനത്തിലേറെയാണ് ക്യൂബയുടെ സമ്പദ്വ്യവസ്ഥ ചുരുങ്ങിയത്. ഇത് അടിയന്തരമായി തിരിച്ചുകൊണ്ടുവരാനായില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാകും രാജ്യത്തെ കാത്തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.