പാരിസ് ഉടമ്പടി അപര്യാപ്തമെന്ന് ശാസ്ത്രജ്ഞര്‍

പാരിസ്: ആഗോള താപന നിയന്ത്രണം ലക്ഷ്യമിട്ട് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ശനിയാഴ്ച പാരിസില്‍ അംഗീകരിച്ച ഉടമ്പടി ഭൂമിയെ രക്ഷിക്കാന്‍ പര്യാപ്തമല്ളെന്ന് ശാസ്ത്രജ്ഞര്‍. മാനവരാശിയെ അപായമുനമ്പില്‍നിന്ന് മോചിപ്പിക്കാന്‍ ഉതകുന്ന ഉടമ്പടിയല്ല ആവിഷ്കരിക്കപ്പെട്ടതെന്നും ഉന്നതതല യോഗങ്ങളിലെ ചര്‍ച്ചകള്‍ അവലോകനംചെയ്ത വിദഗ്ധ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ആഗോളതാപന ഭീഷണിയെ സംബന്ധിച്ച് അരനൂറ്റാണ്ടു മുമ്പേ മുന്നറിയിപ്പുകള്‍ ലഭ്യമായെങ്കിലും മൂര്‍ത്ത നടപടികള്‍ സ്വീകരിക്കാന്‍ മടികാട്ടിയ ലോകരാജ്യങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന ആശങ്കാനിര്‍ഭരമായ ജാഗ്രതകള്‍ സ്വാഗതാര്‍ഹമാണ്. ഉടമ്പടിയിലെ സുപ്രധാന വ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന വകുപ്പുകള്‍ കരാറില്‍ ഇല്ലാതിരിക്കെ വ്യവസ്ഥകളുടെ പ്രയോഗവത്കരണത്തെക്കുറിച്ച് പ്രതീക്ഷപുലര്‍ത്താനാകില്ളെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കാന്‍ വ്യവസ്ഥചെയ്യുന്ന ക്യോട്ടോ, കാന്‍കുണ്‍ തുടങ്ങിയ ഉടമ്പടികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ അംഗരാജ്യങ്ങള്‍ ഒൗത്സുക്യം കാണിച്ചില്ളെന്ന പൂര്‍വാനുഭവമാണ് പാരിസ് ഉടമ്പടിയുടെ ഭാവിയെ സംബന്ധിച്ച് ആശങ്കകള്‍ക്ക് ആക്കംപകരുന്നത്.
ആഗോളതാപന പരിധി രണ്ട് ഡിഗ്രി സെല്‍ഷ്യസാക്കാന്‍ 2010ല്‍ മെക്സികോയിലെ കാന്‍കുണില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ലോകരാജ്യങ്ങള്‍ ധാരണയിലത്തെിയിരുന്നെങ്കിലും പ്രമുഖ രാഷ്ട്രങ്ങള്‍ ഇത്തരം വ്യവസ്ഥകള്‍ കാറ്റില്‍പറത്തുകയാണുണ്ടായത്. ഈ അനാഭിമുഖ്യമായിരുന്നു സമീപകാലത്തെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായി 2015 മാറുന്നതിനു പിന്നിലെ പ്രധാന ഹേതു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.