നഗാര്‍നൊ-കരാബഖ് സംഘര്‍ഷം: അസര്‍ബൈജാന്‍ വെടിനിര്‍ത്തലിന്

ബാകു: നഗാര്‍നൊ-കരാബഖ് തര്‍ക്കമേഖലയില്‍ അര്‍മീനിയയുമായുണ്ടായ പോരാട്ടത്തില്‍ അസര്‍ബൈജാന്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പോരാട്ടത്തില്‍ 30ലേറെ അസര്‍ബൈജാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍. എന്നാല്‍, പ്രഖ്യാപനം അപായസൂചനയാണെന്നു ചൂണ്ടിക്കാട്ടി അര്‍മീനിയന്‍ പ്രതിരോധമന്ത്രാലയം വെടിനിര്‍ത്തലിന് തയാറല്ളെന്ന് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് സൈന്യത്തെ പിന്‍വലിക്കുന്നുവെന്നര്‍ഥമില്ളെന്ന് അര്‍മീനിയന്‍ പ്രതിരോധമന്ത്രിയുടെ വാര്‍ത്താസെക്രട്ടറി അര്‍സൂന്‍ ഹൊവാനിസ്യാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശനിയാഴ്ച അസര്‍ബൈജാന്‍ സൈന്യം ആക്രമിക്കുകയായിരുന്നുവെന്ന് അര്‍മീനിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആരോപണം അസര്‍ബൈജാന്‍ നിഷേധിച്ചിരുന്നു. അര്‍മീനിയന്‍ സൈന്യം ആക്രമിച്ചപ്പോള്‍ സൈന്യം തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഘര്‍ഷത്തിനെതിരെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തുവന്നിരുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ചയും ഷെല്ലാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളോടും പോരാട്ടം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയെച്ചൊല്ലി മുസ്ലിം ആധിപത്യമുള്ള അസര്‍ബൈജാനും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അര്‍മീനിയയും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുകയാണ്. തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചതുമില്ല. മേഖലയെച്ചൊല്ലി 1980കളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം 1991ല്‍ യുദ്ധത്തിലത്തെുകയായിരുന്നു. യുദ്ധത്തില്‍ ഏതാണ്ട് 30,000 ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1994ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിച്ചശേഷം അര്‍മീനിയന്‍ സൈന്യത്തിന്‍െറ നിയന്ത്രണത്തിലാണ് അസര്‍ബൈജാന്‍െറ പരിധിയിലുള്ള നഗാര്‍നൊ-കരാബഖ് മേഖല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.