അപകടഭീഷണി നേരിടുന്ന ബെല്‍ജിയം റിയാക്ടറുകള്‍ പൂട്ടണമെന്ന് ജര്‍മനി

ബര്‍ലിന്‍: അപകടഭീഷണി നേരിടുന്ന രണ്ട് ആണവ റിയാക്ടറുകള്‍ നിര്‍ത്തിവെക്കണമെന്ന് അയല്‍രാജ്യമായ ബെല്‍ജിയത്തോട് ജര്‍മനി ആവശ്യപ്പെട്ടു. പഴക്കമുള്ള ഡോയല്‍-3, തിഹാങ്കെ-2 എന്നീ റിയാക്ടറുകള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജര്‍മന്‍ പരിസ്ഥിതി മന്ത്രി ബാര്‍ബറ ഹെന്‍ഡ്രിക്സ് ബെല്‍ജിയത്തോട് ആവശ്യപ്പെട്ടു.
2012ല്‍ കേടുപാടുകളെ തുടര്‍ന്ന് ഈ റിയാക്ടറുകള്‍ നേരത്തേ ബെല്‍ജിയം നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇവിടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. റിയാക്ടറുകള്‍ വീണ്ടും തുറന്നതിനെക്കുറിച്ച് തങ്ങളുടെ ആശങ്ക ജര്‍മനിയും നെതര്‍ലന്‍ഡ്സും അന്നുതന്നെ അറിയിച്ചിരുന്നു.
ജര്‍മന്‍ അതിര്‍ത്തിയില്‍നിന്ന് 38 കിലോമീറ്റര്‍ ദൂരത്താണ് ഡോയല്‍ റിയാക്ടറുകള്‍ സ്ഥിതിചെയ്യുന്നത്. പഴക്കമുള്ള റിയാക്ടറുകളുടെ പ്രവര്‍ത്തനം 2025 വരെ നീട്ടാനാണ് ബെല്‍ജിയത്തിന്‍െറ നീക്കം.
എന്നാല്‍, ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജര്‍മനിയിലെ രണ്ടു സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിലെ പ്രമുഖ രാഷ്ട്രീയനേതാക്കളും ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. 2022ഓടെ തങ്ങളുടെ എല്ലാ ആണവ റിയാക്ടറുകളും നിര്‍ത്തിവെക്കാന്‍ ജര്‍മനിക്ക് പദ്ധതിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.