20 കോടി മണിക്കൂര്‍ ചെലവഴിച്ച് സ്ത്രീകള്‍ വെള്ളം ശേഖരിക്കുന്നു

യുനൈറ്റഡ് നേഷന്‍സ്: ലോകത്തുടനീളമുള്ള സ്ത്രീകളും പെണ്‍കുട്ടികളും പ്രതിദിനം 20 കോടി മണിക്കൂര്‍ വെള്ളം ശേഖരിക്കാന്‍ ചെലവഴിക്കുന്നുവെന്ന് യുനിസെഫ്. ഇവരുടെ ജീവിതത്തിലെ വലിയൊരു ശതമാനം സമയമാണ് ഇങ്ങനെ ചെലവഴിക്കപ്പെടുന്നത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ദിനചര്യയാണിതെന്നും യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് പറഞ്ഞു.
ജലദൗര്‍ലഭ്യം നേരിടുന്നതുമൂലം 200 മില്യണ്‍ മണിക്കൂറിലേറെയോ  22,800 വര്‍ഷത്തിലധികമോ വരുന്ന സമയം സ്ത്രീകളും പെണ്‍കുട്ടികളും പ്രതിദിനം ഇതിനായി മാറ്റിവെക്കേണ്ടിവരുന്നു -തിങ്കളാഴ്ച ആരംഭിച്ച ലോക ജലവാരത്തോടനുബന്ധിച്ച് യുനിസെഫ് വ്യക്തമാക്കി. 2030ഓടെ ആഗോളതലത്തില്‍ വെള്ളവും മലമൂത്ര വിസര്‍ജന സൗകര്യങ്ങളും എളുപ്പം പ്രാപ്യമാകുന്ന വികസന ലക്ഷ്യം യു.എന്‍ പ്രഖ്യാപിച്ചു. 30 മിനിറ്റിനകം പ്രാഥമിക സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് യു.എന്‍ ലക്ഷ്യം. നിലവില്‍ ആഫ്രിക്കയിലെ 29 ശതമാനം ആളുകള്‍ 30 മിനിറ്റോ അതിലധികമോയെടുത്ത് കുടിവെള്ളം കണ്ടത്തെുന്നതായി യു.എന്‍ കണക്കാക്കുന്നു. ഏഷ്യയില്‍ നഗരങ്ങളില്‍ 19 മിനിറ്റും ഗ്രാമങ്ങളില്‍ 21 മിനിറ്റുമാണ് ഇതിനായി ചെലവഴിക്കുന്നത്. 24 ഉപസഹാറന്‍ രാജ്യങ്ങളില്‍ 3.36 ശതമാനം കുട്ടികളും 13.54 ശതമാനം  മുതിര്‍ന്ന സ്ത്രീകളും 30 മിനിറ്റിലേറെ വെള്ളം ശേഖരിക്കാന്‍ വിനിയോഗിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.